KERALANEWSTop News

കൊല്ലം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി; ബിനാമി പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയായി തട്ടിയെടുത്തു; ബാങ്ക് സെക്രട്ടറിക്കെതിരെ പരാതി നൽകി ജീവനക്കാർ

കൊല്ലം: മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പരാതി. ബിനാമികളുടെ പേരിൽ ബാങ്ക് സെക്രെട്ടറി ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാണ് ആരോപണം. സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരാതിയും ചെന്നിട്ടുണ്ട്. സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുക്കളെ കുറിച്ച് രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും ആരോപണം ഉയരുന്നുണ്ട്.

മയ്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രാധാകൃഷ്ണനെതിരെയാണ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും മുന്നിൽ പരാതി ചെന്നത്. വെറും 5 ലക്ഷം രൂപയ്ക്ക് രാധാകൃഷ്ണൻ വാങ്ങിയ ഭൂമി ഭാര്യയുടെയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ മരുമകന്റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്. 5 ലക്ഷം രൂപയുടെ ഈ ഭൂമി ഈട് വച്ച് ഭാര്യയുടെയും മരുമകന്റെയും പേരിൽ 30 ലക്ഷം രൂപ വായ്പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കെ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണൻ സെക്രട്ടറിയായ ബാങ്കിൽ നിന്ന് വായ്പ നൽകി.

ഈ വായ്പാ തുക രാധാകൃഷ്ണന്റെ ബന്ധുവായ സുനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് 2019 മാർച്ച് 23 ന് കൈമാറിയിരുന്നു. അതേ ദിവസം വൈകിട്ട് തന്നെ ഈ തുക രാധാകൃഷ്ണന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിന്റെയെല്ലാം തെളിവുകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.വായ്പാതുക പലിശ കൂടി ചേർന്ന് ഒരു കോടിയിലേറെയായതോടെയാണ് ജീവനക്കാർ കാര്യം അന്വേഷിച്ചതും തട്ടിപ്പ് പുറത്തായതും.

സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്റെ പിന്തുണയോടെയാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ജീവനക്കാർ പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റിലെ പ്രമുഖ നേതാവ് ഇടപെട്ട് പാർട്ടി അന്വേഷണം മരവിപ്പിച്ചെന്നാണ് സൂചന. ആരോപണ വിധേയനായ സെക്രട്ടറിയെ മാറ്റാൻപോലും ഇതുവരെ ബാങ്ക് ഭരണസമിതി തയാറായിട്ടില്ല. ഇതോടെയാണ് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിലേക്ക് പരാതി ചെന്നത്. പരാതികൽ നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതേവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close