INDIANEWSTrending

പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ വനക്ഷേത്രത്തിലെത്തി ദമ്പതികള്‍ ; കുട്ടിയുടെ അമ്മയും പൂജാരിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയില്‍

തെങ്കാശി : പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ വനക്ഷേത്രത്തിലെത്തി ദമ്പതികൾ. ശിവകാശി സ്വദേശികളായ ദമ്പതികളാണ് 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിച്ചത്. ഇതിനായി കടനാനദി അണക്കെട്ടിനോട് ചേർന്നുള്ള വനത്തിലെ ക്ഷേത്രത്തിലാണ് കുട്ടിയെ എത്തിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും ക്ഷേത്രത്തിലെ പൂജാരിയും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകീട്ടാണ് ദമ്പതികൾ കുഞ്ഞുമായി ക്ഷേത്രത്തിലെത്തിയത്. പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയോടെ മാത്രം തുറക്കുന്ന ക്ഷേത്രത്തിലാണ് നരബലി നടത്താൻ ശ്രമിച്ചത്. ഇവിടെ പകൽ പോലും ആൾക്കാർക്ക് പ്രവേശനമില്ലാത്തതാണ്. അതിവേഗത്തിൽ കാർ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പിന്നാലെ പോവുകയായിരുന്നു.

ക്ഷേത്രത്തിന് സമീപം നിർത്തിയ കാറിൽ നിന്നും കുട്ടിയുമായി ദമ്പതികൾ ഇറങ്ങി ചെന്നു. ശേഷം പൂജാരി പൂജ ആരംഭിക്കുകയായിരുന്നു. എന്നാൽ പൂജ നടത്താനായി പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു കണ്ടതോടെ നാട്ടുകാർ പൂജ തടസ്സപ്പെടുത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

എന്നാൽ തങ്ങൾ നരബലിക്ക് വന്നതല്ലെന്നും ശിവകാശിയില്‍ നിന്ന് ശങ്കരന്‍കോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതാണെന്നുമാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യ കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ നിന്നു ദൂരെ മാറി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം നരബലി നടത്താനല്ല ഇവര്‍ വന്നതെന്നും അത് വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ് പി ആര്‍. കൃഷ്ണരാജ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close