കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ നടത്തുന്നു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍ ദിനത്തില്‍ താഴത്തങ്ങാടി അറുപറയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായാണ് ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ ആരംഭിച്ചത്.
താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികളെയാണ് കാണാതായത്. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ അന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.
കാണാതാകുന്നതിന് തലേദിവസം ഹാഷിം പീരുമേട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സിഗ്നലുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങി ഒരു രേഖയും ഇവര്‍ എടുത്തിരുന്നില്ല. ഭക്ഷണം വാങ്ങാനാണ് പോയതെന്ന് പറഞ്ഞെങ്കിലും ഇവര്‍ പണവും എടുത്തിരുന്നില്ലെന്നതാണ് പൊലീസിനെ അന്ന് ഇവരുടേത് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.