NEWSWORLD

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല ഇരുപത്തെട്ടുകാരന് ലഭിച്ചത് അഞ്ചു വർഷം തടവു ശിക്ഷ ;ക്വാറന്റൈന്‍ ലംഘിച്ചയാളെ ജയിലില്‍ അടച്ച് വിയറ്റ്‌നാം

വിയറ്റ്‌നാം: കോവിഡ് ബാധിച്ചതിനു ശേഷമുള്ള ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതിന് വിയറ്റ്‌നാമിൽ യുവാവിന് അഞ്ചു വർഷം ജയിൽ ശിക്ഷ. ഇരുപത്തിയെട്ടുകാരനായ ലെ വാൻ ട്രിക്കിനെയാണ് തടവുശിക്ഷയ്ക്ക് വിധിച്ചതെന്ന് വിയറ്റ്‌നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചാൽ ഇരുപത്തിയൊന്നു ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ചട്ടം.

ഇതു ലംഘിച്ച് ട്രി ഹോ ചിമിൻ സിറ്റിയിൽനിന്ന് കാ മൗവിലേക്കു യാത്ര ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ജനകീയ കോടതിയിൽ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. സമൂഹത്തിന് അപകടമുണ്ടാക്കുന്ന വിധത്തിൽ പകർച്ച വ്യാധി പരത്തിയെന്നാണ് ട്രിക്കെതിരായ കുറ്റം. കോവിഡ് വ്യാപനം കൂടിയതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

കോവിഡ് ചട്ടം ലംഘിച്ചതിന് മറ്റു രണ്ടു പേരെക്കൂടി രാജ്യത്ത് തടവുശിക്ഷയ്ക്കു വിധിച്ചു. ഒരാൾക്ക് പതിനെട്ടു മാസവും മറ്റൊരാൾക്ക് രണ്ടു വർഷവുമാണ് തടവ്. കഴിഞ്ഞ വർഷം ആദ്യ തരംഗം ഉണ്ടായപ്പോൾ പിടിച്ചുനിന്ന വിയറ്റ്‌നാമിൽ ഇപ്പോൾ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ തരംഗ സമയത്ത് വിജയകരമായി കോവിഡിനെ പിടിച്ചുനിർത്തിയ വളരെ കുറച്ചു രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്‌നാം. വിപുലമായ പരിശോധനകളും കർശനമായ സമ്പർക്ക പട്ടികയും കടുത്ത ക്വാറന്റൈനും ഏർപ്പെടുത്തിയാണ് ഇതു നേടിയതെന്ന് വിയറ്റ്‌നാം പറയുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close