ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകിയേക്കും. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണയിൽ. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ എടുക്കുന്നതിനൊപ്പം 18 വയസിൽ മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നല്കിയേക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സൂചന.
കുട്ടികൾക്ക് വാക്‌സിൻ നല്കുന്നതിലാണ്ഇപ്പോൾ മുൻഗണന നൽകുന്നത്. സൈഡസ് കാഡില്ല വാക്സിനാണ് ഇവർക്ക് നൽകുന്നത്. സൈഡസ് വാക്സിൻ നൽകുന്നതിന് അംഗീകാരം ലഭിച്ചതോടെ ഇത് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ബുധനാഴ്ച വരെയുള്ള കണക്കിൽ ഇന്ത്യയിൽ 236 ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 409 മില്യൺ ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. വാക്സിൻ ലഭിക്കാൻ അർഹരായ ജനസംഖ്യയിൽ 68 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തതായാണ് കണക്ക്.
രാജ്യത്ത് കോവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുൻഗണന നൽകുന്നത് രണ്ട് ഡോസ് വാക്സിന് നല്കുന്നതിലാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്.