
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് കേന്ദ്രം. വാക്സിൻ നിർബന്ധമാക്കി ഒരു മാർഗ നിർദ്ദേശവും നൽകിയിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടന നൽകിയ ഹർജിയെ തുടർന്ന് ആരോഗ്യമന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ജനുവരി 13ന് ആരോഗ്യമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി നിർബന്ധിച്ച് വാക്സിനേഷന് വിധേയരാക്കരുത്. എന്തെങ്കിലും ആവശ്യത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ ഒരാളെയും താൽപര്യം കൂടാതെ വാക്സിനേഷന് നിർബന്ധിക്കുന്നതല്ല. എന്നിരുന്നാലും, മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടപ്പാക്കുന്നത്.
എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും അറിയിക്കുകയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ല.
വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. വാക്സിനെടുക്കുന്ന എല്ലാവരെയും അതിൻറെ പ്രതികൂല ഫലത്തെ കുറിച്ച് അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട് -കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് എലുരു ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന നൽകിയ ഹരജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..