KERALANEWSTop News

മരംമുറി വിവാദം ഗൗരവവിഷയമെന്ന് സിപിഐ; മുല്ലപ്പെരിയാർ വിഷയത്തിൽ വേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ്; സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നും കാനം രാജേന്ദ്രൻ

മുല്ലപ്പെരിയാറിലെ മരംമുറി വിവാദം ഗൗരവവിഷയമെന്ന് സിപിഐ. മരം മുറിക്കാൻ അനുമതി നൽകിയത് ഗൗരവതരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണെന്നും ഉദ്യോഗസ്ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദികളായവരെ കണ്ടത്തണമെന്നും സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കർശ്ശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ നടപടിയാണെന്ന് പറഞ്ഞ മന്ത്രി അങ്ങനെ വിട്ടുകൊടുക്കാൻ പാടുണ്ടോ എന്നാണ് ചോദിച്ചത്. നിർണ്ണായകമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രമുണ്ടായാൽ പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമതി നൽകിയ ഐഎഫ്എസ് ഉദ്യോഗസ്ഥനെ മന്ത്രിക്ക് സസ്‌പെൻഡ് ചെയ്യാനാവില്ല. നിയമപരമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മരം മുറി ഉത്തരവ് തീരുമാനമെടുത്തത് ഉദ്യോഗസ്ഥതല യോഗത്തിലാണെന്ന് റിപ്പോർട്ട് പുറത്തുവന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്. നടപടി സുപ്രീം കോടതി നിർദ്ദേശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വനം വകുപ്പ് മേധാവി നൽകിയ റിപ്പോർട്ടിലാണ് വിശദീകരണം. തിരുത്തിയ റിപ്പോർട്ട് നാളെ തമിഴ് നാടിന് അയക്കും

മുല്ലപ്പെരിയാർ മരം മുറി വിവാദത്തിൽ നേരത്തെ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു . തമിഴ്നാട് മരം മുറി തുടങ്ങിയെന്ന വാർത്ത ശരിയായിരിക്കുമെന്നാണ് ശശീന്ദ്രൻ പറഞ്ഞത്. മരം മുറി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “തമിഴ്നാട് മരം മുറി തുടങ്ങിയെന്ന വാർത്ത ശരിയായിരിക്കും. അത് ഞാൻ അറിയേണ്ടല്ലോ അവർ മുറിക്കുമല്ലോ.” മന്ത്രി പറഞ്ഞു. മരം മുറി നിർത്തിവെക്കാനുള്ള ഉത്തരവിടാമല്ലോ എന്ന ചോദ്യത്തിന് മരം മുറിക്ക് അനുമതി നൽകിയത് എന്തിനെന്ന റിപ്പോർട് കൂടി കിട്ടട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ രണ്ടു ദിവസം മുൻപാണ് മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ഉന്നത ഉദ്യോ​ഗസ്ഥരോ മുഖ്യമന്ത്രിയോ ആരും തന്നെ ഈ തീരുമാനവും ഉത്തരവും അറിഞ്ഞിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത്തവണ ആദ്യമായാണ് കേരളം മരം മുറിക്കുള്ള അനുമതി നൽകുന്നത്. മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകുകയായിരുന്നു. ഉന്നത നിർദ്ദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു തീരുമാനമെടുത്തത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 29 പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തത്. എന്നാൽ മുറിക്കേണ്ട മരങ്ങൾ നിൽക്കുന്നത് കടുവ സങ്കേതത്തിന്റെ ബഫർ സോണിലാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

മരങ്ങൾ മുറിക്കാനുള്ള തീരുമാനം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു പറഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. വനം മേധാവി പി.കെ.കേശവനോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സങ്കീർണമായ വിഷയത്തിൽ എടുക്കുന്ന തീരുമാനം മന്ത്രി അറിയേണ്ടതല്ലേയെന്ന ചോദ്യത്തിന് ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തൽ എത്തുന്നത്.

എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്ത് കിട്ടിയപ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രിയും വനം മന്ത്രിയും തീരുമാനം അറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close