KERALANEWS

തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ അച്ചടക്ക നടപടിയിൽ സി.പി.എം; ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി പാർട്ടി തീരുമാനം

കോട്ടയം: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ അച്ചടക്ക നടപടിയിൽ സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിലാണ് സി.പി.എം. കടുത്തുരുത്തി ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടി പുറത്താക്കിയത്. കടുത്തുരുത്തി ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. ശശികുമാറിനെയാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.പി.എം. പുറത്താക്കിയത്.വ്യാഴാഴ്ച കുറവിലങ്ങാട് ചേർന്ന വർഗ ബഹുജന സംഘടനാ ഭാരവാഹികളുടെയും പാർട്ടി ഭാരവാഹികളുടെയും യോഗത്തിലാണ് പുറത്താക്കിയ വിവരം റിപ്പോർട്ട് ചെയ്തത്.

കുറവിലങ്ങാട് പഞ്ചായത്തിൽ സിപിഎമ്മിന് ഏറെ സ്വാധീനമുള്ള വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റിരുന്നു. സി.പി.എം. കുത്തക വാർഡുകളായ ഏഴ്, എട്ട് വാർഡുകളാണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. എട്ടാം വാർഡിൽ പാർട്ടി വിമതൻ വിജയിക്കുകയും ചെയ്തു. ഏഴാം വാർഡിൽ പരാജയപ്പെട്ടത് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിലും അഡ്വ. കെ.കെ. ശശികുമാറിന് വീഴ്ച വന്നുവെന്ന് സി.പി.എം. വിലയിരുത്തി. കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി പതിനാലാം വാർഡിൽ തോറ്റതും സിപിഎമ്മിലെ പാർട്ടിയിലെ വിഭാഗീയത പ്രവർത്തനങ്ങളുടെ ഫലമാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് പുറമേ സജികുമാറിനെതിരെ ഉണ്ടായ മുൻ ആരോപണങ്ങളും അച്ചടക്ക നടപടി എടുക്കാൻ കാരണമായിട്ടുണ്ട്. കുറുപ്പന്തറയിൽ പത്തു വർഷം മുൻപ് നടന്ന മണ്ണെടുപ്പ് വിഷയത്തിൽ സി.പി.എം. അന്വേഷണം നടത്തിയിരുന്നു.

സി.പി.എം. ഏരിയാ കമ്മറ്റി അംഗം എന്നതിനുപുറമേ കർഷകസംഘം ഏരിയ പ്രസിഡണ്ടുമാണ് ശശികുമാർ. 1978-ൽ KSYF ലൂടെ രാഷ്ട്രീയത്തിലെത്തിത് മുതൽ ഇടതു പ്രവർത്തകനായി. എസ്.എഫ്.ഐ. താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ. എന്നീ സംഘടനകളുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായും ശശികുമാർ പ്രവർത്തിച്ചു. 1980മുതൽ കുറവിലങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്.

1990ലും ശശി കുമാറിനെതിരെ സി.പി.എം. അച്ചടക്ക നടപടി എടുത്തിരുന്നു. അന്ന് പാർട്ടിയിൽ നിന്ന് തരംതാഴ്ത്തുകയാണ് ചെയ്തത്. അതിനുശേഷം രണ്ടു തവണ കുറവിലങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. രണ്ടുതവണ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ കുമരകത്തും സി.പി.എം. അച്ചടക്ക നടപടി എടുത്തിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ അടക്കം ഉള്ളവരെയാണ് സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. വെളിയം ബ്രാഞ്ച് സെക്രട്ടറി എ.എൻ. പൊന്നമ്മ, ലോക്കൽ കമ്മറ്റി അംഗം വസുമതി ഉത്തമൻ, മുൻ ബ്രാഞ്ച് സെക്രട്ടറി എം.എം. സജീവ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനിർത്ഥികൾക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റം ആരോപിച്ചാണ് സി.പി.എം. അച്ചടക്ക നടപടി സ്വീകരിച്ചത്.

വെളിയം ബ്രാഞ്ച് അംഗങ്ങളായ ജോബിൻ കുരുവിള, അനില ദിലീപ്, നഴ്‌സറി ബ്രാഞ്ച് കമ്മറ്റി അംഗം എം.കെ. രാജേഷ് എന്നിവരെ മൂന്ന് മാസത്തേയ്ക്കും ബ്രാഞ്ച് സെക്രട്ടറി പി.ജി. സലിയെ ഒരുമാസത്തേയ്ക്കും പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തിറുന്നു. സ്ഥാനാർഥിക്ക് എതിരെ പ്രവർത്തിച്ചതിന് ലോക്കൽ കമ്മറ്റി അംഗം കെ.പി. അശോകൻ, എസ്.ബി.ടി. ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ എന്നിവരെ താക്കീത് ചെയ്യാനും സി.പി.എം. നടപടിയായിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close