INDIANEWSTop News

കോൺഗ്രസിൽ ചേരുമോ ? മനസ് തുറക്കാതെ കനയ്യ; അനുനയ നീക്കങ്ങളുമായി സിപിഐ ; തുടർ ചർച്ച നടക്കുമെന്ന സൂചന നൽകി കോൺഗ്രസ്

ഡൽഹി: ജെഎൻയു പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്തകൾ ശക്തമാക്കുന്നതിനിടെ അനുനയ നീക്കങ്ങളുമായി സിപിഐ. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങി അനുനയ നീക്കം നടത്തുമ്പോഴും മനസ് തുറക്കാതെ തീരുമാനം പറയാതെയും പാർട്ടിയെ വെട്ടിലാക്കി കനയ്യ കുമാർ. കനയ്യയുമായി തുടർ ചർച്ചകൾ നടക്കുമെന്ന സൂചനയാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടുകൾ. ആർജെഡി നേതാവ് തേജസ്വി യാദവടക്കമുള്ള നേതാക്കളുടെ അഭിപ്രായവും അടുത്ത ഘട്ടത്തിൽ കോൺഗ്രസ് തേടും.

ബിഹാറിൽ നിന്നുള്ള യുവ നേതാവായ കനയ്യ ബിഹാർ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന നിലപാടിലാണ്. നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിർദ്ദേശങ്ങളൊന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി രാജ മുൻപോട്ട് വെച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാർട്ടിയിൽ കനയ്യയെ പിടിച്ചുനിർത്തണമെന്ന ആവശ്യം ബിഹാർ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല. കനയ്യ കുമാര്‍ പോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ വിലയിരുത്തലുകള്‍. അതേസമയം, ഇത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.

അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിൽ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രവേശനം ഇത്രത്തോളം ചർച്ചയായിട്ടും കനയ്യ മൗനം തുടരുന്നത്. അതേ സമയം കനയ്യുമായി ചർച്ച തുടരുമെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. തുടർഘട്ടത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കനയ്യയോട് സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്. കനയ്യയുടെ വരവിൽ കോൺഗ്രസ് ആർജെഡി പ്രാരംഭ ചർച്ചകൾ തുടങ്ങിയെന്നാണ് വിവരം. ബിഹാർ സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ തേജസ്വി യാദവടക്കമുള്ള നേതാക്കളുമായി ചർച്ച നടക്കും.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കനയ്യ കുമാർ ദയനീയമായി പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ജെഎൻയു സമരനായകൻ തോറ്റത്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി യുവനേതാവിന് ഉരസലുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. അന്ന് ക്രൗഡ് ഫണ്ടിങ്ങ് വഴി ദിവസങ്ങൾ കൊണ്ട് യുവനേതാവ് സമാഹരിച്ചത് 70 ലക്ഷം രൂപയായിരുന്നു. ഈ പണസമാഹരണത്തെ ചൊല്ലിയാണ് പാർട്ടിയും കനയ്യയും തമ്മിൽ തെറ്റിയത്.

ഇത്തരത്തിൽ പിരിച്ച പണം പാർട്ടി ഫണ്ടിലേക്ക് അടക്കണമെന്ന് സിപിഐയുടെ നിർദ്ദേശം മുഖവിലയ്ക്ക് എടുക്കാത്തതാണ് പാർട്ടിയുമായി തെറ്റാൻ കാരണം. ഇതിനെ തുടർന്ന്, സിപിഐ നേതാവ് അതുൽ കുമാർ അഞ്ജാനുമായി നടത്തിയ വാക്കേറ്റം ദേശീയ തലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാൽ, ഇവിടേയും തീർന്നില്ല ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ. ബെഗുസരായിയിൽ നടക്കാനിരുന്ന സിപിഐ ജില്ലാ കൗൺസിൽ യോഗം കനയ്യ കുമാറിനെ അറിയിക്കാതെ മാറ്റിവെച്ചുവെന്ന മറ്റൊരു ആക്ഷേപവും ഉയർ‍ന്നു.

ഇതിനെതുടർന്ന് കനയ്യയുടെ അനുയായികൾ പാർട്ടി ഓഫീസ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തു. സംഭവത്തിൽ പങ്കില്ലെന്ന് കനയ്യ മറുപടി നൽകിയിരുന്നു, എന്നാൽ മറുപടിയിൽ പാർട്ടി തൃപ്തിയായിരുന്നില്ല. തുടർന്ന് നൂറിലേറെ നേതാക്കൾ പങ്കെടുത്ത ദേശീയ കൗൺസിൽ യോഗത്തിൽ കനയ്യയെ പരസ്യമായി താക്കീത് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സിപിഐയുമായി കനയ്യ കുമാർ അകലം പാലിച്ചത്. കനയ്യ ഇപ്പോൾ കോൺഗ്രസിലേക്ക് എന്ന അഭ്യൂഹമാണ് ശക്തമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കനയ്യ ചർച്ച നടത്തിയതോടെ പ്രചരണം ശക്തമായി. ബിഹാർ കോൺഗ്രസിൽ രാഹുൽ ഗാന്ധി നിർണായക പദവി വാഗ്ദാനം ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ആർജെഡിയുടെ നിലപാടാണ് കനയ്യയ്ക്ക് വിലങ്ങ് തടിയാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ആർജെഡി എതിർത്തതോടെയാണ് പരാജയപ്പെട്ടത്. എന്നാൽ, കനയ്യകുമാർ കോൺഗ്രസിലേക്കെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സിപിഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close