NEWSSPORTS

ക്രിക്കറ്റ് ലോകകപ്പ് ലീഗ് ; അമേരിക്കയെ 5 വിക്കറ്റിന് തോൽപ്പിച്ച് നേപ്പാൾ

അൽ അമേററ്റ് : ക്രിക്കറ്റ് ലോകകപ്പ് ലീഗിൽ നടന്ന മത്സരത്തിൽ നേപ്പാൾ അമേരിക്കയെ 5 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റുചെയ്ത അമേരിക്ക വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ മൊനാങ്ക് പട്ടേലിന്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി. 114 പന്തിൽ 9 ഫോറും 1 സിക്‌സുമടക്കം മൊനാങ്ക് 100 റൺസ് നേടി. സെഞ്ചുറി നേടിയതിനു പിന്നാലെ അടുത്ത പന്തിൽ ബ്രിക്രം സോബ് മൊനാങ്കിനെ പുറത്താക്കി. നേപ്പാളിന്‌ വേണ്ടി സുഷൻ ബാരി, സന്ദീപ് ലാമിച്ചനെ, ബ്രിക്രം സോബ് തുടങ്ങിയവർ രണ്ടും കുശാൽ മല്ല ഒന്നും വിക്കറ്റ് നേടി. കഴിഞ്ഞ കളിയിൽ ഒരോവറിൽ 6 സിക്സ് നേടി റെക്കോർഡിട്ട ജസ്ക്കരൺ മൽഹോത്ര 11 റൺസെടുത്ത് പുറത്തായി. പാപ്പുവ ന്യൂ ഗിനിയക്കെതിരായ മത്സരത്തിൽ ഓരോവറിലെ എല്ലാ പന്തുകളും സിക്സർ പായിച്ചാണ് അമേരിക്കൻ താരം ജസ്ക്കരൺ മൽഹോത്ര ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പുറത്താകാതെ നിന്ന താരം 173 റൺസ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ ഓരോവർ ബാക്കി നിർത്തി 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നേപ്പാളിന്‌ വേണ്ടി ഓപ്പണർ കുശാൽ ഭുർട്ടൽ 84 റൺസെടുത്തു. 93 പന്തിൽ നിന്ന് മൂന്നു വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു കുശാലിന്റെ ഇന്നിംഗ്സ്. കുശാൽ തന്നെയാണ് കളിയിലെ താരവും. കുശാലിന്‌ പുറമെ രോഹിത് പൗഡൽ 62 റൺസ് നേടി പുറത്താകാതെ നിന്നു. അമേരിക്കക്കു വേണ്ടി നിസാർഗ് പട്ടേൽ,നൊസ്‌തുഷ് കെഞ്ഞിഗെ എന്നിവർ രണ്ടും സൗരഭ് നെറ്രാവാൽക്കർ ഒന്നും വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close