KERALANEWSTop News

ഷോളയാർ, കക്കി അണക്കെട്ടുകൾ തുറന്നു; ഇടുക്കി, പമ്പ ഡാമുകളിൽ ഓറഞ്ച് അലേർട്ട്; മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ അണക്കെട്ട് തുറന്നു. രാവിലെ പത്തരയോടെയാണ് ഡാം തുറന്നത്. മൂന്ന് സ്പിൽവേയുടെ ഗേറ്റ് ഒരടിയാണ് തുറന്നത്. 24 .47 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. കക്കി ആനത്തോട് ഡാമും തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഇതേതുടർന്ന് പമ്പ-കക്കാട്ട് ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

ഷോളയാർ ഡാം തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീർത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. നാല് മണിക്ക് മുൻപായി ചാലക്കുടിയിൽ വെള്ളം എത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചിരുന്നു.

അതേസമയം ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

കാലവർഷം ശക്​തി പ്രാപിച്ചതിനാലും വൃഷ്​ടി പ്രദേശത്ത്​ തുടർച്ചയായി മഴ ലഭിക്കുന്നതിനാലുമാണ്​ അണക്കെട്ടിൽ ജലനിരപ്പ്​ ഉയരുന്നത്​. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാർ അണക്കെട്ടിൽ ബ്ലുഅലർട്ട്​ പ്രഖ്യാപിച്ചു.പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴക്ക്​ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്​ ജില്ല ഭരണകൂടം നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. കൊല്ലം തെൻമല ഡാമിന്‍റെ ഷട്ടറുകളും രാവിലെ തുറന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close