KERALANEWS

പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട്ടിട്ടും മാരികലുങ്ക് പാലം സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഴയപോലെ തന്നെ; അധികൃതരുടെ അനാസ്ഥ വഴിമുട്ടിക്കുന്നത് ഒരു വിഭാഗം ജനത്തെ

തൊടുപുഴ: പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടിട്ടും മാരികലുങ്ക് പാലം സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ ആയില്ല. അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കുന്നതിലെ മെല്ലെപോക്ക് തുടരുകയാണ്. മന്ത്രിയുടെ വാക്കുകളിൽ വലിയ പ്രതീക്ഷയോടെ ഇരുന്ന കാഞ്ഞിരമറ്റം – മാരികലുങ്ക് നിവാസികൾക്ക് പാലം സഞ്ചാരയോഗ്യമാക്കുന്നത് സ്വപ്നമായി തുടരുന്നു.

ആറ് കൊല്ലമായി പണി പകുതിയിൽ കിടക്കുന്ന പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷമാകുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നു. എന്നാൽ പറഞ്ഞ വാക്കുകൾക്കു ഒരു വിലയുമില്ലാതെ ദുരിതം നിറഞ്ഞ ജീവിതത്തിലൂടെയാണ് കാഞ്ഞിരമറ്റം – മാരികലുങ്ക് നിവാസികൾ കടന്നു പോകുന്നത്. അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാര്‍ തയ്യാറാണെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഇനിയും തീരുമാനമാവാത്തതാണ് പാലം പണി നിന്നുപോകാൻ കാരണം.

പാലം വന്നാൽ തൊടുപുഴ നഗരത്തിലെ തിരക്കിനും കാഞ്ഞിരമറ്റംകാരുടെ യാത്രാദുരിതത്തിനും വലിയ അളവിൽ പരിഹാരമാവും. എന്നാൽ അധികൃതര്‍ മെല്ലപ്പോക്കിലായതിനാൽ നാട്ടുകാര്‍ക്ക് ഈ ദുരിതം ഇനിയും കാലങ്ങളോളം തുടരാനാണ് വിധി.

ആറരക്കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് അധികൃതരുടെ അനാസ്ഥ മൂലം അയോഗമില്ലാതെ കിടക്കുന്നത്. തൊടുപുഴ കാഞ്ഞിരമറ്റംകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു തൊടുപുഴയാറിന് കുറുകെ ഒരു പാലമെന്നുള്ളത്. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് നാട്ടുകാര്‍ക്ക് പാലം പണിത് നല്‍കിയെങ്കിലും അപ്രോച്ച്‌ റോഡ് പണിതു കൊടുത്തില്ല . ഇതോടെ ആറരക്കോടി ചെലവിട്ട് നിര്‍മിച്ച പാലം നടപ്പാലമായി കിടക്കുകയാണ്. അപ്രോച്ച്‌ റോഡിനുള്ള ഭൂമി ഏറ്റെടുക്കാതെ പാലം പണിതതാണ് പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം. തൊടുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കൂടിയാണ് മാരിക്കലുങ്കില്‍ പാലം നിര്‍മിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close