KERALANEWSTop News

ദിലീപ് ക്രൈം ബ്രാഞ്ചിന് മുന്നിലേക്ക്; നാളെ മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യാം; മുൻ‌കൂർ ജാമ്യാപേക്ഷ ഇപ്പോൾ തീർപ്പാക്കുന്നില്ലെന്നും ഹൈക്കോടതി

കൊച്ചി: ദിലീപിനെ നാളെ മുതൽ മൂന്ന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. നാളെ മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാമെന്നാണ് കോടതി ഉത്തരവ്. രാവിലെ 9 മുതൽ രാത്രി 8 വരെ ചോദ്യം ചെയ്യാം. ദിലീപടക്കം അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാം, എന്നാൽ അറസ്റ്റ് പാടില്ലെന്നും ഉത്തരവിലുണ്ട്. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കിയില്ല. ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്താൻ ഗൂഡാലോചന നടത്തിയ കേസിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ പുരോഗതി കോടതിയെ ചൊവ്വാഴ്ച അറിയിക്കണം. ചൊവ്വാഴ്ചത്തേക്ക് ഹർജി മാറ്റും.

പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ അഞ്ചു ദിവസം കസ്റ്റഡിയിൽ മതിയെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ കസ്റ്റഡിയിൽ എടുക്കുന്നത് തന്നെ പീഡനം അല്ലെ എന്നാണ് പ്രതിഭാഗം പറഞ്ഞത്. ഇത്തരത്തിൽ ചെയ്താൽ പ്രതികൾ ഒത്തുചേർന്ന് പറയേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് കോടതിയെ അറിയിച്ചു. ദിവസവും 6 മണിക്കൂർ ചോദ്യം ചെയ്യലിന് ഹാജരാകാം എന്നും അറിയിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥയ്ക്ക് ബദലായി എന്തെങ്കിലും ഉണ്ടായാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാമെന്ന്‌ കോടതി പറഞ്ഞു.

ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് – കോടതി നിരീക്ഷിക്കുന്നു.

കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിൻറെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ രാവിലെ കേസ് പരിഗണിച്ചപ്പോൾ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിലേക്ക് നയിക്കുന്നഎന്തെങ്കിലും ശ്രമം ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ചോദിച്ചു. എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.

നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിൻറെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. ‘പത്മസരോവരം’ എന്ന ദിലീപിൻറെ വീട്ടിലും, സഹോദരൻ അനൂപിൻറെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള ‘ഗ്രാൻഡ് പ്രൊഡക്ഷൻസ്’ എന്ന ദിലീപിൻറെയും അനൂപിൻറെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപിന് വേണ്ടി അഡ്വ. ബി രാമൻ പിള്ളയാണ് ഹാ‍ജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാ‍ജരായതും ബി രാമൻ പിള്ള അസോസിയേറ്റ്‍സ് ആയിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് ദിലീപിൻറെ അഭിഭാഷകൻ വാദിക്കുന്നു. വിചാരണക്കോടതിയിൽ നിന്ന് കേസ് കൈവിട്ട് പോകുമെന്ന് സൂചന കിട്ടിയപ്പോൾ ഇല്ലാത്ത സാക്ഷികളെ സൃഷ്ടിച്ച് കേസ് വഴി തിരിച്ച് വിടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷൻ ഇപ്പോൾ ശ്രമം നടത്തുന്നത്. വിചാരണക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും നീട്ടാനാണ് പ്രോസിക്യൂഷൻ ശ്രമമെന്നും ദിലീപിൻറെ അഭിഭാഷകർ ആരോപിക്കുന്നു.

വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ചോദിച്ച കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ച്, ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.ബാലചന്ദ്ര കുമാറിൻറെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. മൊഴിയിൽ പറഞ്ഞ പലതും എഫ്ഐആറിൽ ഇല്ല എന്ന് അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടുന്നു.

യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിൻറെ അഭിഭാഷകൻ ചോദിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻറെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിക്കുന്നു.

എന്തും പറയാൻ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാർ നൽകിയ വോയ്‍സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങൾ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിൻറെ അഭിഭാഷകൻ ആരോപിക്കുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിൻറെ ആളുകൾ ശ്രമിച്ചതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. ഒരാൾ സാക്ഷിമൊഴി നൽകാൻ വരുമ്പോൾ പ്രതിഭാഗത്തിൻറെ ആളുകൾ പല വഴിക്ക് അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ദിലീപ് അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. വിചാരണക്കോടതിയിൽ വാദത്തിന് പോലും പ്രതിഭാഗം സമ്മതിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ പറയുന്നു. അതാണ് പ്രോസിക്യൂട്ടർ മാറാൻ ഒരു കാരണം. വിചാരണക്കോടതിയിൽ പോകാൻ അന്വേഷണ ഉദ്യോഗസ്ഥൻ പോലും ഭയപ്പെടുന്ന സാഹചര്യമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close