KERALANEWSTop News

കൂട്ടക്കൂറുമാറ്റത്തിന് പിന്നിൽ ദിലീപ്; ലൈംഗിക പീഡനത്തിന് കൊട്ടേഷൻ നൽകിയത് ചരിത്രത്തിലാദ്യം; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾ കൂട്ട കൂറുമാറ്റം നടത്തിയത് ദിലീപിന്റെ സ്വാധീനത്തിലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കേസുമായി അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറു പ്രതികളുടെ മുൻ‌കൂർ ജാമ്യ അപേക്ഷ എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിൻറെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിൻറെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണം.

അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുൻകൂർ ജാമ്യം ദിലീപിന് നൽകിയാൽ അത് കേസിൻറെ അന്വേഷണത്തെത്തന്നെ ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം നൽകരുത്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് കോടതിയിൽ നൽകിയത്.

തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ സംഘം വിചാരണകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ വേണം എന്നാണ് സുനിൽ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്.

കേസിലെ മുഖ്യപ്രതിപൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലിൽ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയിൽ സിനിമാ രംഗത്തെ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലിൽ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകർപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close