
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് മടങ്ങി.
കൂടാതെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂർത്തിയായി. ദിലീപുമായി സൗഹൃദമുണ്ടെന്ന് ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിൻറെ നേതൃത്തിലായിരുന്നു തുടർച്ചയായ രണ്ടാം ദിവസവും ദിലീപിന്റെ ചോദ്യം ചെയ്യൽ. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിതിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തുന്നതിനായി കോടതി അനുവദിച്ചിട്ടുള്ള സമയം ഏപ്രിൽ 15ന് അവസാനിക്കും. ഇതിനുള്ളിൽ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.