KERALANEWSTop NewsTrending

പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് വളർത്തുനായയെ അടിച്ചുകൊന്നു; പോസ്റ്റുമാർട്ടം നടപടി സ്വീകരിക്കാത്തതിനാൽ നായയുടെ ജഡം ഫ്രിഡ്ജിൽ സൂക്ഷിച്ച് വീട്ടുടമ; പോലീസിനെതിരെ പരാതിയുമായി ചെങ്ങമനാട് സ്വദേശി

കൊച്ചി: പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ വളർത്തുനായയെ അടിച്ചുകൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് സ്വദേശിയാണ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18-ാം വാർഡ് പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ തങ്കച്ചൻെറ വീട്ടിലെ പഗ് ഇനത്തിൽപെട്ട ‘പിക്സി’ എന്നു പേരുള്ള നായയെയാണ് ശനിയാഴ്ച ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അടിച്ചു കൊന്നതായി പറയുന്നത്.

തങ്കച്ചന്റെ വീട്ടിൽ കേസന്വേഷണത്തിൻെറ ഭാഗമായി നോട്ടീസ് പതിക്കാൻ എത്തിയപ്പോഴാണ് പൊലീസ് വളർത്തുനായയെ അടിച്ചു കൊന്നത്. വിവിധ അടിപിടി കേസുകളിൽ ഉൾപ്പെട്ട ഇളയമകൻ മകൻ ജസ്റ്റിനെ തേടിയാണ് പൊലീസ് തങ്കച്ചൻെറ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ മുൻവശത്ത് നിർത്തി പിൻഭാഗത്ത് കൂടിയാണ് എസ്.എച്ച്.ഒ വീട്ടുപറമ്പിൽ പ്രവേശിച്ചത്. ഈ സമയത്ത് അടുക്കള വശത്തുന്നതായിരുന്ന നായയെ എസ്എച്ച്ഓ അടിച്ചുകൊല്ലുകയായിരുന്നു. മരക്കമ്പ് കൊണ്ട് നായയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. നായയെ അടിച്ച ശക്തിയിൽ മരക്കൊമ്പ് ഒടിഞ്ഞുപോയെന്നും ഒറ്റയടിക്ക് തന്നെ നായ ചത്തുപോയെന്നും പരാതിയിൽ പറഞ്ഞു.

സംഭവം നടക്കുമ്പോൾ തങ്കച്ചൻെറ ഭാര്യ മേരിയും മൂത്ത മകൻ ജിജോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ജിജോ ഓടിവന്ന് നോക്കുമ്പോൾ നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജിജോയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി. അപ്പോഴേക്കും നായയെ കൊന്നത് തങ്ങളല്ലെന്ന് പറഞ്ഞ് പൊലീസ് പോകാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം തങ്കച്ചന്റെ ഭാര്യ മേരി പൊലീസ് ജീപ്പ് തടഞ്ഞു. പക്ഷെ അവരെ റോഡിൽ നിന്ന് മാറ്റി പൊലീസ് പോവുകയായിരുന്നു. തൊട്ട് പിറകെ ചത്ത നായയെയും കൊണ്ട് ജിജോ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് പോസ്റ്റ്മോർട്ടം നടപടി സ്വീകരിക്കാതെ അനുനയത്തിൽ മടക്കി അയക്കുകയായിരുന്നു. ഇതിനെ തുടർന്ന് നായയുടെ മൃതദേഹം ജിജോ വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

നായയെ തല്ലിക്കൊന്നതിന് എസ്.എച്ച്.ഒക്കും സംഘത്തിനുമെതിരെ മേരി ജില്ല റൂറൽ എസ്.പിക്കും മേനക ഗാന്ധി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. അതേ സമയം നായ ചത്ത സംഭവത്തിൽ പൊലീസിന് പങ്കില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രദീപ്കുമാർ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കൂട്ടത്തോടെ നായ്ക്കൾ അക്രമിക്കാനെത്തിയെങ്കിലും കഷ്ടിച്ചാണ് അക്രമണം ഏൽക്കാതെ രക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിനെ തേടിയെത്തിയ പല പൊലീസുദ്യോഗസ്ഥർക്കും ഇതിന് മുമ്പും നായയുടെ ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close