NEWSTop NewsWORLD

സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി ദുബെെ എക്സ്പോ; വാക്സിൻ ലഭിച്ചില്ലങ്കിൽ ആർ.ടി പി.സി.ആർ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം

ദുബൈ: ഒക്ടോബ​ർ മുതൽ ദുബൈയിൽ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2021 ലെ സന്ദർശകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധം. വാക്സിൻ ലഭിച്ചില്ലങ്കിൽ ആർ.ടി പി.സി.ആർ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ അധികൃതർ വെളിപ്പെടുത്തിയത്. സന്ദർശകർ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകൾ എടുത്താൽ മതിയാവും.

അല്ലെങ്കിൽ 72 മണിക്കൂറിനിടെയുള്ള ആർ.ടി പിസിആർ പരിശോധനാ ഫലം ഹാജരാക്കണം. 18 വയസിന് മുകളിലുള്ളവർക്കാണ് ഈ നിബന്ധനകൾ ബാധകം.വാക്സിനെടുക്കാത്തവർക്ക് എക്സ്പോ വേദിക്ക് സമീപത്ത് തന്നെ കൊവിഡ് പി.സി.ആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ദുബൈയിൽ വിവിധയിടങ്ങളിലും എക്സ്പോ സന്ദർശകർക്കായി പരിശോധനാ കേന്ദ്രങ്ങൾ നിജപ്പെടുത്തും.

ഈ പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങൾ എക്സ്പോ വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കും. എക്സപോ സന്ദർശിക്കാനുള്ള ഏതെങ്കിലുമൊരു ടിക്കറ്റുള്ളവർക്ക് പരിശോധന സൗജന്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എക്സ്പോയുടെ സംഘാടകരും വളന്റിയർമാരും ഉൾപ്പെടയുള്ള എല്ലാ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കും. എല്ലായിടങ്ങളിലും മാസ്ക് നിർബന്ധമാണ്. ഒപ്പം രണ്ട് മീറ്റർ സാമൂഹിക അകലം എല്ലാ സ്ഥലങ്ങളിലും പാലിക്കണമെന്നും നിഷ്‍കർശിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2022 മാർച്ച് 31നായിരിക്കും സമാപിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close