INDIANEWSTop News

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു; നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ല് പാർലമെന്റ് പാസാക്കി; രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസാക്കിയത് ചർച്ചയില്ലാതെ

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചു. കാർഷിക ബില്ല് പിൻവലിക്കാനുള്ള ബില്ല് രാജ്യസഭയിലും പാസാക്കി. ലോക്സഭയിലേതുപോലെ ചർച്ചയില്ലാതെയാണ് രാജ്യസഭയിലും ബില്ല് പാസാക്കിയത്.

അതേസമയം വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കൊണ്ടാണ് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയത്.

ലോക്‌സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ബില്ലുകൾ പിൻവലിച്ചോടെ വിജയം കൊയ്യുന്നത് പതിനാല് മാസമായി സമരം ചെയ്യുന്ന ഇന്ത്യൻ കർഷകരാണ്. കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമം പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി.

ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– -ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി. രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബർ 26 നുള്ളിൽ വിവാദമായ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായിത് പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന് നവംബർ 26ന് ഒരു വർഷം തികഞ്ഞു.

കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും എസ് കെ എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് നവംബർ 2020 മുതൽ ഡൽഹിയുടെ അതിർത്തികളിലായി സമരം ചെയ്തുവരുന്നത്. ഇതിനോടകം കർഷകരുമായി പതിനൊന്ന് പ്രാവശ്യം കേന്ദ്രം ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ഈ നിയമങ്ങൾ സർക്കാർ ആത്മാർത്ഥമായാണ് കൊണ്ടുവന്നത്. എന്നാൽ നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കർഷകരുടെ വിഷമങ്ങൾ മനസ്സിലായി, അവരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു, ഗുരു നാനാക്ക് ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close