INDIANEWSTop News

ലഖിംപുർ ഖേരിയിൽ സംഘർഷത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം ഒൻപതായി; ചികിത്സയിലിരുന്ന മാധ്യമപ്രവർത്തനും മരിച്ചു; മൃതദേഹങ്ങളുമായി കർഷകരുടെ റോഡ് ഉപരോധം; യുപിയിൽ കർഷക പ്രക്ഷോഭം ആളിക്കത്തുന്നു

ഉത്തർ പ്രദേശ്: ലഖിംപുർ ഖേരിയിൽ സംഘർഷത്തെ തുടർന്ന് പരിക്കേറ്റവരിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം ഒൻപതായി. കർഷകരുടെ മരണത്തെ തുടർന്ന് വൻ പ്രക്ഷോഭമാണ് യുപിയിൽ കർഷകർ നടത്തുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളുമായി റോഡ് ഉപരോധിക്കുകയാണ്. കർഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ന് രാജ്യവ്യാപകമായി കർഷക സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ലഖിംപൂര്‍ അതിര്‍ത്തി അടച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു.

അതേസമയം കര്‍ഷകരെ കാറിടിച്ചു കൊന്നതിന് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിെര കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ പതിനാല് പ്രതികളാണുള്ളത്. അതേസമയം കേന്ദ്ര നേതാക്കളെ സംഘർഷസ്ഥലത്തേക്ക് പോലീസ് വിലക്കിയിട്ടുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യുപി സര്‍ക്കാരിന്റെ നീക്കം. ലക്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും വിലക്കേർപ്പെടുത്തി.

കർഷക സംഘടനകളാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ഉപരോധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി യു.പി ഭവനു മുന്നില്‍ 11 മണിക്ക് കര്‍ഷകര്‍ പ്രതിഷേധിക്കും. ഉച്ചയ്ക്ക് 12 മുതൽ 1 മുതൽ കലക്ടറേറ്റുകൾ വളയാനാണ് തീരുമാനം. സംയുക്ത കിസാൻ മോർച്ചയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. നാല് കർഷകരടക്കം ഒൻപത് പേരാണ് സംഭവത്തെ തുടർന്ന് ഇതോടെ മരിച്ചത്. പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി രംഗത്തെത്തിയിരുന്നു. വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കര്‍ഷകര്‍ കല്ലെറിയുകയായിരുന്നുവെന്നും കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ടാണ് കർഷകർ മരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. അപകടത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടെന്നും അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close