
ന്യൂഡൽഹി: സാംസ്കാരിക പരിപാടികളിലും ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും ജനങ്ങൾ വീശുന്ന പതാക കടലാസു കൊണ്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരിപാടികൾക്ക് ശേഷം പതാക അലക്ഷ്യമായി വലിച്ചെറിയുന്നത് തടയണമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും പ്രതീകമാണ്. അതിനെ അന്തസ്സോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ വേണ്ടത്ര അവബോധമില്ലാത്തതിനാൽ ചില സർക്കാർ സ്ഥാപനങ്ങളും ജനങ്ങളും പതാകയെ ഗൗരവത്തിലല്ലാതെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കത്തിൽ പറയുന്നു. ദേശീയ പതാകയെ ആദരിക്കുന്നതിനും അതിനെ അപകീർത്തിപ്പെടുത്തുന്നതു തടയുന്നതിനും രാജ്യത്ത് നിയമമുണ്ട്. പതാക കൈകാര്യം ചെയ്യുമ്പോൾ ആ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
ഫ്ലാഗ് കോഡിന്റെ ഒന്നാം വകുപ്പു പ്രകാരം ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലും സംസ്കാരിക, സ്പോർട്സ് പരിപാടികളിലും ജനങ്ങൾ ദേശീയ പതാക വീശുമ്പോൾ അത് കടലാസുകൊണ്ടു നിർമിച്ചതായിരിക്കണമെന്നു വ്യക്തമാക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. പരിപാടിക്കു ശേഷം പതാക അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം കത്തിൽ പറയുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുന്നോടിയായാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്ത് അയച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews