NEWSTrendingWORLD

ഒഴുകുന്ന പോസ്റ്റ് ഓഫീസ്; ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്; ഏറ്റവും വലിയ തപാല്‍ സംവിധാനമുള്ള രാജ്യത്തിന് ഓർക്കാൻ ഒരു തപാൽ ദിനം കൂടി; ഇന്ന് ലോക തപാൽ ദിനം

കത്തെഴുതിയ കാലം മറന്നു. പല വീടുകളിലും പ്രായമായവർ ഇടയ്ക്കിടെ പറയാറുള്ള വാക്കുകളാണിവ. അവർ പറയുന്നതും ശരിയാണ്. കത്തിലൂടെ ആശയ വിനിമയം നടത്തിയിരുന്ന തലമുറയായിരുന്നു അവർ. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നു വരവ് അവരിലും മാറ്റങ്ങൾ ഉണ്ടാക്കി. എന്തൊക്കെയായാലും കത്തിലൂടെ പരസ്പരം മിണ്ടിയിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. ഇന്ന് ലോക തപാൽ ദിനം.

3301 കിലോമീറ്റർ താണ്ടിയെത്തിയ കത്ത്, അത് കയ്യിൽ എത്തുമ്പോൾ ആ കത്തിന് മഞ്ഞിന്റെ തണുപ്പുണ്ടെന്ന് തോന്നും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തപാൽ ഓഫീസായ ഹിമാചൽപ്രദേശിലെ ഹിക്കിമിൽ ആണ് തപാൽ ഓഫീസ്. ഭൂമിയിലെതന്നെ മനുഷ്യവാസമുള്ള ഏറ്റവും ഉയരമുള്ള പ്രദേശമായ സ്പിതി താഴ്‌വരയിലാണ് തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്.

വർഷത്തിൽ ആറുമാസത്തോളം മഞ്ഞുവീഴ്ചയാൽ ഒറ്റപ്പെട്ടുകിടക്കുന്ന സ്പിതി താഴ്‌വര ബുദ്ധമതക്കാരുടെ കേന്ദ്രമാണ്. 1000 വർഷത്തോളം പഴക്കമുള്ള ബുദ്ധവിഹാരങ്ങൾ ഇവിടെയുണ്ട്. ബുദ്ധഭിക്ഷുക്കളുടെ പാസ് പോർട്ട് സേവനങ്ങളടക്കം നിർവഹിക്കുന്നത് ഹിക്കിം പോസ്റ്റ് ഓഫീസിലാണ്. മൊബൈൽ ഫോണിന് റേഞ്ച് കുറവുള്ള ഇവിടെ ഇന്റർനെറ്റ് എത്തിയിട്ടേയില്ല. ഇക്കാരണത്താൽതന്നെ പുറംലോകവുമായുള്ള പ്രദേശക്കാരുടെ വാർത്താവിനിമയം മുഖ്യമായും ഈ തപാലാഫീസ് വഴിയാണ്. പ്രദേശവാസികളുടെ ബാങ്കായും പ്രവർത്തിക്കുന്നത് തപാലാപ്പീസ് തന്നെ. എന്നാൽ മഞ്ഞ് വീഴ്ചയുള്ള ആറുമാസത്തോളം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കും.

ഒഴുകുന്ന തടാകവും ഒഴുകുന്ന മാർക്കറ്റും ഒക്കെ കേട്ടിട്ടുണ്ടാകും. ഒഴുകുന്ന പോസ്റ്റ് ഓഫീസിൽ എന്നും കേട്ടിട്ടുണ്ടോ? ഭൂമിയിലെ സ്വർഗമെന്ന് ജവഹർലാൽ നെഹ്‌റു വിളിച്ച കശ്മീരിലെ മനോഹരമായ ദാൽ തടാകത്തിൽ ഒഴുകുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്. ലോകത്തിലെ തന്നെ ഒഴുകുന്ന ഒരേയൊരു തപാൽ കേന്ദ്രം. ഒറ്റക്കാഴ്ചയിൽ വലിയൊരു ഹൗസ് ബോട്ടാണെന്ന് തോന്നിക്കുന്ന ഇതിൽ പോസ്റ്റൽ വകുപ്പിന്റെ ചുവപ്പും വെള്ളയും ചായും ഔദ്യോഗിക മുദ്രയും കാണാം, നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസ്, ദാൽ തടാകം എന്ന ബോർഡും. ഒരുവശത്ത് മഞ്ഞണിഞ്ഞ മനോഹരമായ ഹിമാലയൻ മലനിരകൾ ചുറ്റും നീലത്തടാകം. പ്രകൃതിമനോഹാരിതയിലും ഫ്‌ളോട്ടിങ് പോസ്‌റ്റോഫീസ് വേറിട്ടുനിൽക്കുന്നു.

കേവലമൊരു പോസ്റ്റ് ഓഫീസുമാത്രമായല്ല ഇത് പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുളള വിനോദ സഞ്ചാരികൾക്ക് ഇതൊരു സന്ദർശനകേന്ദ്രമാണ്. ഇവിടെനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കുന്ന കത്തുകൾ അവർക്കുള്ള സവിശേഷ സമ്മാനമാണെന്ന് അവർ കരുതുന്നു. ആ കത്തുകളിൽ ദാൽതടാകത്തിന്റെ മനോഹാരിതയിൽ ശിക്കാര തുഴയുന്ന തോണിക്കാരന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്. ഓർമകളിൽ സൂക്ഷിക്കാൻ ഇതിലും മികച്ച മറ്റേതൊരു മുദ്രയാവും ഉണ്ടാവുക.

2011ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും ചേർന്നാണ് പോസ്റ്റ് ഓഫീസ് കം മ്യൂസിയം ഉദ്ഘാടനം ചെയ്തത്. രണ്ട് ചെറിയ മുറികളാണ് ഇവിടെയുള്ളത്. ഒന്ന് പോസ്റ്റ് ഓഫീസും മറ്റൊന്ന് മ്യൂസിയവും ആയി ഉപയോഗിക്കുന്നു. അപൂർവ സ്റ്റാമ്പുകളുള്ളതാണ് മ്യൂസിയം. തപാൽ സേവനത്തിനു പുറമേ ഇന്റർനാഷണൽ ഫോൺകോളുകൾ വിളിക്കാനുള്ള സൗകര്യവും ഇന്റർനെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികൾക്ക് ബാങ്കിങ് സേവനവും ഇവിടെനിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഹൗസ്‌ബോട്ടുകളിൽ തങ്ങുന്നവർ ഇവിടെവന്ന് പ്രിയപ്പെട്ടവർക്ക് കത്തുകൾ അയക്കുന്നതും പതിവാണ്.

ആഗോള പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969 ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു.

ലോകത്ത് തന്നെ ഏറ്റവും വലിയ തപാല്‍ സംവിധാനമുള്ളമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. സൈനികര്‍ക്ക് വേണ്ടി പ്രത്യേക ആര്‍മി തപാല്‍ സംവിധാനവും ഇന്ത്യയിലുണ്ട്. വിമാനം വഴി തപാലുകള്‍ മേല്‍വിലാസക്കാരന് എത്തിച്ച് കൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ച് കൊടുത്ത രാജ്യം കൂടിയാണ് ഇന്ത്യ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close