deathKERALANEWS

മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി നായർ അന്തരിച്ചു

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായർ അന്തരിച്ചു. കേരള സർക്കാരിലെ പല സുപ്രധാന പദവികളും വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
ഭരണപരിഷ്‌കാര കമ്മീഷൻ അംഗമായിരുന്ന അദ്ദേഹം തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ എൻപി ചെല്ലപ്പൻ നായരുടെ മകനാണ്.

ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലെത്തിയത്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ഒറ്റപ്പാലം സബ്കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ എന്നീ പദവികൾ വഹിച്ചു.

1982-87 കാലത്ത് മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു. കെഇആർ പരിഷ്‌ക്കരണം അടക്കം ഭരണപരിഷ്‌ക്കാര മേഖലകളിൽ നിരവധി സംഭാവനകൾ നൽകി.

ഹാസ്യസാഹിത്യകാരൻ എന്ന നിലയിലും സിപി നായർ ഏറെ തിളങ്ങിയിരുന്നു. നർമ്മം തുളുമ്പുന്ന നിരവധി ലേഖനങ്ങൾ സിപി നായർ എഴുതിയിട്ടുണ്ട്. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചു.

സർവീസ് ചട്ടങ്ങളിലും മറ്റും ആഴത്തിൽ അവഗാഹമുള്ള വ്യക്തിയായിരുന്നു സിപി നായർ. സരസ്വതിയാണ് സിപി നായരുടെ ഭാര്യ. ഹരിശങ്കർ, ഗായത്രി എന്നിവർ മക്കളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close