
കാസർകോട്: തട്ടിപ്പിന് പുത്തൻ ഭാവങ്ങൾ നല്കി തട്ടിപ്പ് സംഘങ്ങൾ ഇന്ത്യൻ കറൻസിക്ക് പകരം ദിർഹം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. രണ്ടംഗ സംഘം ഓട്ടോ ഡ്രൈവറെ പറ്റിച്ച് എടുത്തത് അഞ്ച് ലക്ഷം രൂപ. തൃക്കരിപ്പൂർ കാടാങ്കോട് നെല്ലിക്കാലിലെ പി ഹനീഫ എന്ന ഡ്രൈവറെയാണ് സംഘം പറ്റിച്ചത്. ഭാര്യയുടെ സ്വർണം വിറ്റ അഞ്ച് ലക്ഷമാണ് മോഷ്ടാക്കൾ കവർന്നത്.
ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ചന്തേര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ദിർഹം മാറാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഹനീഫയെ സമീപിക്കുന്നത്. തന്റെ സുഹൃത്ത് മാറ്റിത്തരുമെന്ന് ഹനീഫ അറിയിക്കുന്നു. അങ്ങനെ ആദ്യം 100 ദിർഹം മാറ്റി. അതിൽ ഹനീഫക്ക് ലാഭം കിട്ടി.
പിന്നീട് എട്ട് ലക്ഷം രൂപയുടെ ദിർഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാൽ മാറ്റിത്തരാമെന്നും സംഘം അറിയിച്ചു. ഹനീഫ ഭാര്യയുടെ സ്വർണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി. തൃക്കരിപ്പൂരിൽവെച്ച് പണം കൈമാറാമെന്നും തീരുമാനമായി. ഭാര്യയോടൊപ്പം എത്തിയ ഹനീഫ, പണം സംഘത്തെ ഏൽപ്പിച്ചു.
തുണിയിൽ പൊതിഞ്ഞ ദിർഹം സംഘം ഹനീഫയുടെ കൈയിൽ ഏൽപ്പിച്ചയുടൻ ഓടിക്കളഞ്ഞു. പരിശോധിച്ചപ്പോൾ ദിർഹത്തിന് പകരം കടലാസ് കെട്ടുകൾ. ഇവരുടെ പേരോ വിവരമോ ഹനീഫക്ക് അറിയില്ല. ഇവർ വിളിച്ച മൊബൈൽ നമ്പർ മാത്രമാണ് ഏക തെളിവ്. ചെറുവത്തൂരിൽവെച്ചാണ് സംഘത്തെ പരിചയപ്പെട്ടത്.