KERALANEWSTop NewsTrending

‘പിന്നോട്ട് വലിക്കുന്ന പാവാട ഇനി വേണ്ട’; പെൺകുട്ടികൾക്കും ഇവിടെ യൂണിഫോം ഷർട്ടും ത്രീഫോർത്തും; ലിംഗ നിഷ്പക്ഷത ലോകം ചർച്ച ചെയ്യുമ്പോൾ അത് നടപ്പിലാക്കി കാണിച്ച കേരളത്തിലെ ഒരേയൊരു സ്കൂളിന്റെ കഥ ഇങ്ങനെ..

കൊച്ചി: പെൺകുട്ടികൾക്ക് പാവാടയും ആൺകുട്ടികൾക്ക് പാന്റും..കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വർഷങ്ങളായി തുടർന്നുവരുന്ന യൂണിഫോം മാതൃകയാണിത്. ലിംഗ നിഷ്പക്ഷത ലോകമാകെ ചർച്ച ചെയ്യുന്ന ഇക്കാലത്ത് ഇത്തരം വാർപ്പുമാതൃകകളൊക്കെ തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചു. പക്ഷെ ഇപ്പോഴും കേരളമാകെ തുടർന്നുവരുന്നതും ഇതേ രീതി തന്നെയാണ്. അസൗകര്യപ്രദമായ യൂണിഫോം രീതി കുറച്ചൊന്നുമല്ല പെൺകുട്ടികളെ ബാധിക്കുന്നത്. കായികയിനങ്ങളിൽ താത്പര്യമുള്ള നിരവധി പെൺകുട്ടികൾ പാവാട പാറുമെന്ന ചിന്തയിൽ ഇപ്പോഴും പിന്നോട്ട് മാറുന്നുണ്ട്.

ഈ രീതിക്കെതിരെ വിപ്ലവകരമായ മാറ്റ കൊണ്ടുവന്ന ഒരു സ്കൂൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി വളയൻചിറങ്ങര സ്കൂൾ. ഈ സ്കൂളിൽ യൂണിഫോമിന് ആൺ-പെൺ വ്യത്യാസമില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിഫോം ഷർട്ടും ത്രീഫോർത്തുമാണ്. സ്കൂൾ പിടിഎയും രക്ഷിതാക്കളും ഒരുമിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. കഴിവുള്ള ഒരു കുട്ടി പോലും യൂണിഫോം കാരണം കഴിവ് പ്രദർശിപ്പിക്കാൻ പറ്റാതെ തഴയപ്പെടരുത് എന്ന ചിന്തയിൽ നിന്നാണ് യുക്തിപൂർവ്വമായ ഈ തീരുമാനത്തിലേക്ക് സ്കൂൾ അധികൃതർ എത്തിയത്.

2019 വരെ പാവാടയായിരുന്നു പെൺകുട്ടികളുടെ വേഷം എന്നാൽ ഇതേ വർഷത്തെ കായികമത്സരവും പെൺകുട്ടികൾ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. “2019ലെ കായിക ദിനത്തില്‍ പല പെണ്‍കുട്ടികള്‍ക്കും അവരവരുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നത് അധ്യാപകരുടെ ശ്രദ്ധയിലും പെട്ടിരുന്നു. കായികയിനങ്ങളില്‍ ആദ്യത്തെ റൗണ്ടില്‍ പങ്കെടുക്കുന്ന പല പെണ്‍കുട്ടികളും രണ്ടാമത്തെ റൗണ്ടില്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടി. യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് മനസ്സിലായത് അവരോട് തുറന്ന് സംസാരിച്ചപ്പോഴാണ്. അസൗകര്യപ്രദമായ വസ്ത്രങ്ങളും മറ്റും ധരിച്ചു കായികയിനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ് പെണ്‍കുട്ടികളെ വലച്ചത്”, സുമ ടീച്ചർ പറയുന്നു.

“ഉടുപ്പിൽ നിന്നും പാവാടയിൽ നിന്നും ത്രീഫോർത്തിലേക്കുള്ള മാറ്റത്തിന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിലാണ് പിന്തുണയറിയിച്ചത്. പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമല്ലാത്ത സ്‌കേര്‍ട്ട്, ഫ്രോക്ക് പോലെയുള്ളവ മാറ്റി ത്രീ ഫോര്‍ത്താക്കി. ആദ്യം പ്രീപ്രൈമറിയിലായിരുന്നു ഇത്തരത്തിലുള്ള മാറ്റം സ്‌കൂള്‍ നടപ്പാക്കിയത്. പിന്നീട് ഒന്ന് മുതല്‍ നാല് വരെയുള്ള പെണ്‍കുട്ടികള്‍ക്കും സമാനമായ വസ്ത്രശൈലി കൊണ്ടുവന്നു. രണ്ട് നിലകളാണ് സ്‌കൂളിനുള്ളത്. അതിനാല്‍ പടികളും മറ്റും കയറുമ്പോള്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പരിഹാസങ്ങള്‍ക്കും വിരാമമായി. യൂണിഫോമില്‍ വരുത്തിയ മാറ്റം കുട്ടികളിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു”, മുൻ പ്രധാനാധ്യാപിക സി. രാജി പറയുന്നു.

ചില രക്ഷിതാക്കളാണ് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന യൂണിഫോം സമ്പ്രദായം മാറ്റുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് വിഷയം പി.ടി.ഐ കമ്മിറ്റിയിലുമെത്തി. രക്ഷിതാക്കളുമായി വിഷയം സംബന്ധിച്ച് ചര്‍ച്ച വന്നപ്പോഴാണ് വ്യാപ്തി സ്‌കൂളിനും മനസ്സിലായത്. 80 ശതമാനം രക്ഷിതാക്കളും തങ്ങള്‍ ഇതാണ് ആഗ്രഹിച്ചിരുന്നതെന്ന് അറിയിച്ചു. എന്നാല്‍ ഇത് നടപ്പാക്കുന്നതും അത്ര എളുപ്പമല്ലായിരുന്നു. വെല്ലുവിളികളും ഒട്ടേറെ. ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടുമെന്ന നിലയിലായിരുന്നു ഇത്രയും നാള്‍ സൗജന്യമായി യൂണിഫോം ലഭിച്ചു കൊണ്ടിരുന്നത്. ട്രൗസറിനുള്ള തുണി ത്രീ ഫോര്‍ത്തിന് തികയില്ലെന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ അതിനുള്ള ചെലവ് രക്ഷിതാക്കള്‍ തന്നെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. വളരെ വലിയൊരു മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ത്രീ ഫോര്‍ത്തും ഷര്‍ട്ടുമാണ് സ്‌കൂളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വേഷം. നിരവധി സ്‌കൂളുകളാണ് ഇത് എത്തരത്തിലാണ് നടപ്പാക്കിയതെന്ന് അന്വേഷിച്ച് സ്‌കൂളിനെ സമീപിച്ചത്. ഒപ്പം പ്രോത്സാഹങ്ങളുടെ അകമ്പടിയും.

ആണ്‍കുട്ടികള്‍ക്ക് തുണിയുടെ അളവ് കുറച്ചുകൂടി അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ മുന്‍ പ്രധാനധ്യാപികയായ സി.രാജി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ കോവിഡിന്റെ വരവ് വിഷയത്തിലൊരു തീരുമാനമുണ്ടാകാന്‍ വൈകി. സി. രാജി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ്. 1995 ല്‍ പഠിച്ചിരുന്ന സ്‌കൂളില്‍ തന്നെ അധ്യാപികയായ നിയമിതയാവുകയും 2008 ല്‍ പ്രധാനധ്യാപികയായ സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു. 2021 ല്‍ വിരമിച്ചുവെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവ സാന്നിധ്യം. സുമ ടീച്ചര്‍ക്കാണ് നിലവില്‍ പ്രധാനധ്യാപികയുടെ ചുമതല. ചെറിയ ആണ്‍കുട്ടികള്‍ക്ക് 50 സെന്റീമീറ്ററും വലിയ കുട്ടികള്‍ക്ക് 60 സെന്റീമീറ്ററുമാണ് തുണി തയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ 80 സെന്റീമീറ്റെങ്കിലും ഇല്ലാതെ ത്രീ ഫോര്‍ത്ത് തയ്ക്കുക സാധ്യമല്ല. ” അസൗകര്യമില്ലാത്ത വസ്ത്രമെന്ന നിലയിലാണ് ത്രീ ഫോര്‍ത്ത് കൊണ്ടുവന്നത്. ഗ്രൂപ്പായി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വസ്ത്രത്തിൽ മാറ്റം വന്നതോടെ പെണ്‍കുട്ടികള്‍ക്ക് താത്പര്യമേറി. ഇതോടെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിലും വലിയ തരത്തിലുള്ള വര്‍ധനയുണ്ടായി.

2019 ലെ ചരിത്രപരമായ തീരുമാനത്തിന് പിന്നില്‍ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിനോയ് പീറ്റര്‍, പി.ടി.ഐ പ്രസിഡന്റ് കെ.അശോകന്‍ എന്നിവരുമുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാത്രമല്ല വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്. പ്രീപ്രൈമറി വിഭാഗങ്ങളില്‍ പലപ്പോഴും ഇംഗ്ലീഷ് മീഡിയം പുസ്‌തകങ്ങളാണ് ഫോളോ ചെയ്യാറുള്ളത്. എന്നാല്‍ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികള്‍ക്ക് കുറച്ചു സിലബസ്സും എന്നാല്‍ കൂടുതല്‍ കാര്യങ്ങളും വരുന്ന തരത്തിലുള്ള പുസ്‌കതങ്ങളിറക്കി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ പ്രീപ്രൈമറിക്ക് വേണ്ടി പ്രത്യേക വര്‍ക്ക്ബുക്കുളും മറ്റും തയ്യാറാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close