
പനാജി: ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ പനാജി സീറ്റ് നിഷേധിച്ചതോടെയാണ് ഉത്പൽ പാർട്ടി വിട്ടത്. പിതാവായ മനോഹർ മത്സരിച്ചിരുന്ന സീറ്റായിരുന്നു പനാജി സീറ്റ്. സ്വന്തം ആദർശങ്ങൾക്ക് അനുസരിച്ചുള്ള നിലപാടെടുക്കാൻ സമയമായെന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമല്ല പൊതുജനങ്ങളിൽ നിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉത്പൽ പരീക്കർ പറഞ്ഞു. എന്നാൽ, പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചു. അവസരവാദിയായ ഒരാൾക്കാണ് പനാജിയിൽ ഇപ്പോൾ സീറ്റ് നൽകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇനി തന്റെ ഭാവി പനാജിയിലെ ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായ പരീക്കർ 2019ലാണ് അന്തരിച്ചത്. കഴിഞ്ഞ 25 വർഷക്കാലവും പരീക്കർ പനാജിയിൽ നിന്നാണ് മത്സരിച്ചത്.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ ബിജെപി ഒഴിവാക്കിയിരുന്നു. സംഭവത്തിൽ തന്റെ നിലപാട് വൈകാതെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന ‘ശരിയായ ആദരമാകും’ അതെന്നും റാവുത്ത് വ്യക്തമാക്കിയിരുന്നു.
പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാള് വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പനജിയിൽനിന്ന് മനോഹർ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടര്ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊന്സരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറി.
അടുത്ത മാസം 14നാണ് ഗോവയിലെ തിരഞ്ഞെടുപ്പ്. 40 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ആദ്യമായാണ് എല്ലാ സീറ്റുകളിലും പാർട്ടി പോരാട്ടത്തിനിറങ്ങുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..