INDIAINSIGHTNEWSTrending

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

എ. ചന്ദ്രശേഖര്‍
(ചലച്ചിത്ര നിരൂപകന്‍)

പനാജി, ഗോവ: ഇന്ത്യയുടെ സാംസ്‌കാരിക അഭിമാനമായ 52-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ)യ്ക്ക് ഇന്നു തിരിതെളിയും. വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ പ്രമുഖ നടിയും മുന്‍ എം.പിയുമായ ഹേമമാലിനി മേള ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. ഹേമയെ, ഗാനരചയിതാവ് പ്രസൂണ്‍ ജോഷിക്കൊപ്പം ഇന്ത്യന്‍ പേര്‍സണാലിറ്റി ഓഫ് ദ് ഇയര്‍ ബഹുമതി നല്‍കി വേദിയില്‍ ആദരിക്കും. കേന്ദ്ര വാര്‍ത്താപ്രക്ഷേപണവകുപ്പു മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്ര സഹമന്ത്രി ഡോ എല്‍ മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെ, ഹങ്കേറിയന്‍ ഇതിഹാസചലച്ചിത്രകാരന്‍ ഇസ്ത്വാന്‍ സാബോ എന്നിവര്‍ക്ക് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കും. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ശ്രദ്ധ കപ്പൂര്‍,ഋതേഷ് ദേശ്മുഖ്, ജനീലിയ ഡിസൂസ, മൗനി റോയ് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ചടങ്ങിന് തിളക്കമേറ്റും. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും നടനുമായ കരന്‍ ജോഹറും പ്രമുഖ അവതാരകനും നടനുമായ മനീഷ് പോളും ചേര്‍ന്നാണ് ചടങ്ങ് അവതരിപ്പിക്കുക.

വിഖ്യാത സ്പാനിഷ് ചലച്ചിത്രപ്രതിഭ കാര്‍ലോസ് സൗറയുടെ ഏറ്റവും പുതിയ സിനിമയായ ദി കിങ് ഓഫ് ഓള്‍ ദ് വേള്‍ഡ് ആണ് ഉദ്ഘാടന ചിത്രം. തുടക്കമാവുക.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനും ഓഫ്‌ലൈനുമായി ഹൈബ്രിഡ് മാതൃകയിലാണ് ഇക്കുറിയും മേള സംഘടിപ്പിച്ചിട്ടുള്ളത്. അന്തരിച്ച ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകളായ നടന്‍ ദിലീപ് കുമാര്‍, ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ്ഗുപ്ത, കന്നട നടന്‍ പുനീത് രാജ്കുമാര്‍, നടി സുമിത്ര ഭാവെ എന്നിവര്‍ക്ക് മേള സിനിമകളിലൂടെ ആദരാഞ്ജലി അര്‍പ്പിക്കും. ജയിംസ് ബോണ്ട് സിനിമകളിലൂടെ ലോകം കീഴടക്കിയ വിഖ്യാത ബ്രിട്ടീഷ് അമേരിക്കന്‍ നടന്‍ ഷോണ്‍ കോണറി, കനേഡിയന്‍ നടന്‍ ക്രിസ്‌റ്റോഫര്‍ പ്‌ളമ്മര്‍, ഫ്രഞ്ച് നടന്‍ ഴാങ് പോള്‍ ബെല്‍മോണ്ടോ, ഫ്രഞ്ച് സംവിധായകന്‍ ബര്‍ട്രന്റ് ടാവര്‍നെ തുടങ്ങിവയര്‍ക്കും മേള ആദരചിത്രങ്ങളുള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളത്തില്‍ നിന്ന് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം സണ്ണി എന്നിവ മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളിയായ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഭഗവദ്ദജ്ജുകം എന്ന സംസ്‌കൃത സിനിമയും പനോരമയിലെ ആകര്‍ഷണങ്ങളിലൊന്നാണ്.

വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ നേടിയ ജൂലിയ ഡുകൗര്‍ണോയുടെ ഫ്രഞ്ച് ചിത്രമായ ടൈടാനെ, അസ്ഗര്‍ ഫര്‍ഹദിയുടെ ഇറാന്‍ ചിത്രമായ എ ഹീറോ ഫിന്‍ലന്‍ഡില്‍ നിന്നുള്ള യൂഹോ കൗസ്മാനെന്റെ കംപാര്‍ട്ട്‌മെന്റ് നമ്പര്‍ 6, കാനില്‍ ജൂറി അവാര്‍ഡ് നേടിയ അപിപ്ച്ചത്‌പോങ് വീരസേത്കുലിന്റെ തായ് സിനിമ മെമ്മോറിയ തുടങ്ങിയവയൊക്കെ മേളയില്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്. അഫ്രേം തുടങങിയ ചിത്രങ്ങളിലൂടെ മുന്‍മേളകളില്‍ പ്രേക്ഷകശ്രദ്ധ നേടിയ റുമേനിയന്‍ ചലച്ചിത്രകാരന്‍ റാഡു യൂജേയുടെ ബെര്‍ളിന്‍ മേളയില്‍ പുരസ്‌കാരം നേടിയ ഏറ്റവും പുതിയ ആക്ഷേപഹാസ്യചിത്രമായ ബാഡ് ലക്ക് ബാങിങ് ഓര്‍ ലൂണി പോണ്‍, വെനീസ് മേളയില്‍ പുരസ്‌കൃതമായ ഓസ്‌ട്രേലിയന്‍ സംവിധായിക ജെയിന്‍ കാംപിയന്റെ ദ് പവര്‍ ഓപ് ദ് ഡോഗ,് ജോര്‍ജിയയില്‍ നിന്നുള്ള ബ്രൈട്ടണ്‍ ഫോര്‍ത്ത്, റെഡ് റോക്കറ്റ് ദ് വേഴ്‌സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ് വേള്‍ഡ് തുടങ്ങിയവയും ഈ മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായ ചിത്രങ്ങളാണ്.

പതിവുപോലെ ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേളയെ വരവേല്‍ക്കാന്‍ ഗോവ പൂര്‍ണസജ്ജമായി ഒരുങ്ങിക്കഴിഞ്ഞു. മിരാമര്‍ ബീച്ചിനോട് ചേര്‍ന്ന രാജവീഥി നിറയെ അലങ്കാര പ്രതിഷ്ഠാപനങ്ങളും ചലച്ചിത്രമേളയുടെ സന്ദേശവും ഉള്‍ക്കാമ്പും ഉള്‍ക്കൊണ്ട തെരുവോര പ്രദര്‍ശനങ്ങളും ദീപവിതാനങ്ങളും കൊണ്ട് സമ്പന്നമാണ്. ഗോവ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റിയുടെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞവര്‍ഷത്തെ മ്‌ളാനതയില്‍ നിന്ന് തിളക്കം വീണ്ടെടുക്കുകയാണ് ഇത്തവണ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close