സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ജീവിച്ചിരുന്ന കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു ഗവർണറുടെ പ്രസ്താവന.
ഒരു വ്യക്തിയെ എതിർക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മനസ്സിലാക്കണം. സവർക്കറെ എതിർക്കുന്നവരും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു എന്ന കാര്യം അംഗീകരിക്കുമെന്നും ഗവർണർ പറഞ്ഞു. താൻ ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തിയാണ് സവർക്കർ. സവർക്കറുടെ നിലപാടുകൾ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സവർക്കറെന്നും ഗവർണർ പറഞ്ഞു.
അതേസമയം നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പോലീസിനെ ഗവർണറും രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സംവിധാനമാണ് കേരള പോലീസെന്നും എന്നാൽ ചിലയിടത്ത് ആലുവയിലേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. ആലുവയിൽ മോഫിയയുടെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഗവർണ്ണറുടെ വിമർശനം.
മോഫിയയുടെ മരണം ദുഃഖകരമായ സംഭവമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തണം. സ്ത്രീധനത്തിനെതിരെ 18 നിയമങ്ങൾ നിലവിലുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന രീതി ഇല്ലാതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഉച്ചക്കാണ് ആലുവയിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ ഗവർണ്ണർ സന്ദർശിച്ചത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്