KERALANEWSTop News

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിന് ചർമ്മം വച്ചു പിടിപ്പിക്കാനൊരുങ്ങുന്നു; ബംഗളുരുവിലെ സ്‌കിൻ ബാങ്കിൽ നിന്ന് ചർമ്മം എത്തിച്ചു; പ്രാർത്ഥനയോടെ രാജ്യം

ബെംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വെച്ച് പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച് പിടിപ്പിക്കാനുള്ള സ്കിൻ ഗ്രാഫ്റ്റ് ബംഗളുരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) സ്‌കിൻ ബാങ്ക് ആണ് കൈമാറിയത്. നിലവിൽ വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയാണ് വരുൺ സിങ്. ഹെലികോപ്റ്ററിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 12 പേരും അപകടത്തിൽ മരിച്ചിരുന്നു.

വരുൺ സിങ്ങിന്റെ ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചർമ്മം വച്ചു പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്. നിലവിൽ എത്തിച്ച സ്‌കിൻ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വച്ച് പിടിപ്പിച്ചതിന് ശേഷം കൂടുതൽ ആവശ്യമാണെങ്കിൽ അത് മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിൻ ബാങ്കുകളിൽ നിന്ന് വാങ്ങാനാണ് തീരുമാനം.

എന്നാൽ ഇപ്പോൾ എത്തിച്ചിരിക്കുന്ന ചർമ്മം ഉടൻ വച്ചുപിടിപ്പിക്കാനാകില്ലെന്ന് സീനിയർ പ്ലാസ്റ്റിക് സർജനായ ഡോ.ഗുണശേഖർ വുപ്പുലപതി പറഞ്ഞു. ചില രാസപ്രക്രിയകളിലൂടെയാണ് ചർമ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ഇത് ഉടൻ വരുൺ സിങ്ങിൽ വച്ച് പിടിപ്പിക്കാനാകില്ല. ഇതിന് എട്ട് ആഴ്ച വരെയെങ്കിലും സമയം എടുക്കും. എത്തിയ ചർമ്മത്തിലും കൂടുതൽ പരിശോധനകൾ നടത്തുമെന്നും’ അദ്ദേഹം പറഞ്ഞു.

2020 ഒക്ടോബർ 12ന് വ്യോമസേനയിൽ വിങ് കമാൻഡറായ വരുൺ സിങ് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അർഹനായത്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനോധൈര്യത്തോടെ നേരിടുകയായിരുന്നു.

വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ് മനോധൈര്യം കൈവിട്ടില്ല. എന്നാൽ നിയന്ത്രണത്തിലായെന്ന് കരുതവേ, 10,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂർണമായി നഷ്ടപ്പെട്ടു.

യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു.

വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കും വഴിവെക്കുമായിരുന്ന സാഹചര്യത്തെ സധൈര്യം നേരിട്ടതിന് രാജ്യം ക്യാപ്റ്റൻ വരുൺ സിങ്ങിന് ശൗര്യചക്ര സമ്മാനിക്കുകയായിരുന്നു. സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. അപകടം വഴി പൊതുജനങ്ങൾക്കും സൈന്യത്തിനുമുണ്ടാകുന്ന കനത്ത നഷ്ടങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ മനസാന്നിധ്യവും നിർണായക തീരുമാനമെടുക്കാനുള്ള ശേഷിയും പരിചയസമ്പന്നതയും വഴി സാധിച്ചു.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close