NEWSSPORTS

കരീബിയൻ പ്രീമിയർ ലീഗ്; പൊള്ളാർഡിന് അർദ്ധസെഞ്ചുറി, നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്ത്, ഇനി സെമിഫൈനൽ പോരാട്ടങ്ങൾ

സെൻ്റ് കിറ്റ്സ് : ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സിനെ 4 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്പ്യൻന്മാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. 


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാട്രിയോട്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. 50 റൺസെടുത്ത ജോഷ്വ ഡി സിൽവയാണ് ടീമിലെ ഉയർന്ന സ്കോറർ. നൈറ്റ് റൈഡേഴ്സിന് വേണ്ടി അലി ഖാൻ മൂന്നും ഉഡാന രണ്ടും ഹോസൈൻ, രാംപോൾ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 52 ന് 3 എന്ന നിലയിൽ പതറുമ്പോഴാണ് രക്ഷകനായി നായകൻ പൊള്ളാർഡ് എത്തുന്നത്. 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 51 റൺസ് നേടിയ പൊള്ളാർഡ് ഒരു നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറിക്ക് ഉടമയായി. 20 പന്തിൽ നിന്നാണ് പൊള്ളാർഡ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. പൊള്ളാർഡ് തന്നെയാണ് കളിയിലെ താരവും. പാട്രിയോട്സിന് വേണ്ടി ഫവദ് അഹമ്മദ് രണ്ടും ജഗേസർ, അലൻ, ഡ്രേക്സ്, ഷാ എന്നിവർ ഓരോ വിക്കറ്റും നേടി.


ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നാലാം സ്ഥാനക്കാരായ സെൻ്റ് ലൂസിയ കിങ്സുമായി ഏറ്റുമുട്ടും. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഗുയാന ആമസോൺ വാരിയേഴ്സ്  മൂന്നാം സ്ഥാനക്കാരായ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സിനെ നേരിടും. ബുധനാഴ്ച തന്നെ ഫൈനൽ മത്സരവും നടക്കും. ഐപിഎല്ലിലേത് പോലെ പ്ലേഓഫ് മത്സരങ്ങൾ കരീബിയൻ പ്രീമിയർ ലീഗിലില്ല. ലോകകപ്പ് സെമിഫൈനൽ മാതൃകയിലാണ് സെമി ഫൈനൽ നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close