KERALANEWSTop News

‘കൂടെ പഠിക്കുന്ന പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്’; ‘കയ്യൂക്കുള്ളവന്റെ അധികാരമാണ് അവരുടെ ജനാധിപത്യം’; എംജി വിഷയത്തിൽ എസ്‌എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

എംജി സർവ്വകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ എസ്‌എഫ്ഐ ആക്രമണത്തിൽ പ്രതികരണവുമായി ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്. കൂടെ പഠിക്കുന്ന പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടതെന്നും കയ്യൂക്കുള്ളവന്റെ അധികാരമാണ് എസ്‌എഫ്ഐക്കാരുടെ ജനാധിപത്യമെന്നും ഹരീഷ് കുറിപ്പിലൂടെ വിമർശിച്ചു. അംഗ സംഖ്യയിൽ കുറവുള്ള എഐഎസ്‌എഫുകാരെ അടിച്ചൊതുക്കാം എന്നതാണ് എസ്‌എഫ്ഐക്കാരുടെ രീതിയെന്നും ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം ആരോപിച്ചു.

ഇന്നലെ എം ജി യൂണിവേഴ്സിറ്റിയിലുണ്ടായ സംഘർഷത്തിൽ എസ്‌എഫ്ഐക്കാർ എഐഎസ്‌എഫുകാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക് പോസ്റ്റുമായി ഹരീഷ് രംഗത്തെത്തിയത്. സംഭവത്തിൽ എസ്‌എഫ്ഐക്കെതിരെ പോലീസിന്റെ മുൻപിൽ വെച്ച് രോക്ഷത്തോടെയുള്ള എഐഎസ്‌എഫ് വനിതാ നേതാവ് നിമിഷ രാജുവിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഹരീഷ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

നെഞ്ചിൽ ചവിട്ടുന്ന വിപ്ലവപാഠം.
സ്വന്തം പാർട്ടിക്ക് വേണ്ടിയാണെങ്കിൽ ആരെയും തല്ലാം, ചവിട്ടാം, അടിച്ചോതുക്കാം എന്നാണ് മറ്റു പല പ്രസ്ഥാനങ്ങളെയും പോലെ, SFI യും ക്യാംപസുകളിൽ പഠിപ്പിക്കുന്നത്. അങ്ങനെയല്ല എന്നൊക്കെ പുറമേ പറഞ്ഞാലും ക്യാംപസുകളിൽ പഠിച്ചവർക്ക് അറിയാം, അതാണ് പ്രായോഗികമായി നടക്കുന്നത്.
വലതുപക്ഷ രാഷ്ട്രീയം പറയുന്ന ABVP, KSU, MSF, ക്യാമ്പസ് ഫ്രണ്ട് എന്നിവരോട് ആശയപരമായി മുട്ടി നിൽക്കാമെങ്കിലും, പ്രതിരോധത്തിന് ചിലപ്പോൾ തല്ല് വേണ്ടിവരുമെങ്കിലും, അവരുടെ ഏറ്റവും വലിയ ശത്രു AISF പോലുള്ള ഇടതുരാഷ്ട്രീയ സംഘടനയാണ്. ഇടതുരാഷ്ട്രീയം പറയുകയും SFI യുടെ ജനാധിപത്യമില്ലായ്മയും CPIM ന്റെ ഇരട്ടതാപ്പുകളും AISF കാർ പ്രസംഗിക്കും. അത് SFI ക്കാർക്ക് സഹിക്കാനാകില്ല. AISF, AIDSO ഇതൊക്കെ എണ്ണത്തിൽ വളരെ കുറവ് ആയതുകൊണ്ട് സംഘശക്തി ഇല്ല. അപ്പോപ്പിന്നെ അടിച്ചോതുക്കാം എന്നാണ് SFI ലൈൻ. അക്രമത്തിനു എതിരെ സംസാരിക്കുന്ന ചിലർ നേതൃത്വത്തിൽ ഉണ്ടാകുമെങ്കിലും ആവേശക്കമ്മിറ്റി ആയി തല്ലാൻ പോകുന്നവർക്ക് യൂണിറ്റിന്റെ പിന്തുണയുണ്ടാകും. അതിപ്പോ, അധ്യാപകർ ആയാലും ചിലപ്പോ SFI ക്കാർ തല്ലും.
“സംഘപരിവാറിന്റെയോ UDF ന്റെയോ അളിഞ്ഞ രാഷ്ട്രീയതിനെതിരെ പുരോഗമന ജനാധിപത്യ രാഷ്ട്രീയം കൊണ്ടുവരാനാണല്ലോ SFI പ്രവർത്തിക്കുന്നത്, അതുകൊണ്ട് അല്പസ്വല്പം അക്രമം ഒക്കെ ആകാം, ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും” എന്നു കരുതുന്ന ഒരു വിഭാഗം എന്നും SFI യിലുണ്ട്. വേണ്ടിവന്നാൽ പുറത്തുനിന്ന് CITU ക്കാരോ CPIM കാരോ ഒക്കെ ഇറങ്ങി തല്ലും. ന്യായീകരിക്കുകയും ചെയ്യും.
കയ്യൂക്കുള്ളവന്റെ അധികാരമാണ് അവരുടെ ജനാധിപത്യം. ആ യുക്തി ആളുകളിൽ കുത്തി വെയ്ക്കുന്നത് കൊണ്ടല്ലേ ഒരു സഖാവ് കൊല്ലപ്പെടുമ്പോഴും മുഖ്യധാരാ ആളുകൾക്ക്, അവർ അർഹിക്കുന്ന വിഷമം വരാത്തത് എന്നു ഈ പ്രസ്ഥാനം സ്വയം ആലോചിച്ചു നോക്കണം.
വേണ്ടിവന്നാൽ മറ്റൊരാളെ ശാരീരികമായി വേദനിപ്പിക്കാം, തൊഴിക്കാം, ചവിട്ടാം, കുത്താം, എന്നൊക്കെ തിളപ്പ് തോന്നുന്ന പ്രായമാണ്. അതിനു പ്രത്യയശാസ്ത്ര പിൻബലം കൂടിയുണ്ടെങ്കിൽ പിന്നെ പറയണോ? ഏത് കുട്ടിക്കുരങ്ങനും ചുടുചോറ്‌ വാരും..
എന്റെ പാർട്ടിയാണ് അധികാരത്തിലെങ്കിൽ തെറ്റൊക്കെ ന്യായീകരിക്കേണ്ടതാണ് എന്ന യുക്തി കിട്ടുന്നത് ഈ ക്യാംപസുകളിൽ നിന്നാണ്. ഏത് തെറ്റിനും ന്യായീകരിക്കാവുന്ന ഒരു ന്യായവും കാണും. തെറ്റാണെങ്കിൽ ആരു ചെയ്താലും തുറന്നു കാട്ടണമെന്നോ, തെറ്റിനെ ചോദ്യം ചെയ്യാനാണ് ഏത് പ്രസ്ഥാനവും എന്നോ അവർക്ക് മനസിലാകില്ല.
പോലീസും സഹപാഠികളും നോക്കി നിൽക്കെ, ഒരു AISF നേതാവായ വനിതയെ SFI ക്കാരൻ ഓടി വന്നു പള്ളയ്ക്ക് ചവിട്ടുന്ന വീഡിയോ കണ്ടു. പേരിനു അവനെതിരെ നടപടി വരുമായിരിക്കും. വീഡിയോ വന്നില്ലായിരുന്നെങ്കിൽ എന്തെല്ലാം നുണകൾ ന്യായീകരണ പ്രസംഗങ്ങളായി ആ ക്യാമ്പസിന് കേൾക്കേണ്ടി വന്നേനെ എന്നോർത്തു നോക്കൂ !!!
വിദ്യാഭ്യാസ സംവിധാനം ഏറ്റവും വലിയ പരാജയമായ വർഷമാണ് 2021. നന്നായി പഠിച്ച കുട്ടികൾക്കും പഠിക്കാത്തവർക്കും A+ കിട്ടിയ, കിട്ടുന്ന സർട്ടിഫിക്കറ്റുകൾക്ക് മേൽപഠനത്തിന് ചേരാനുള്ള ഗുണം പോലുമില്ലാതാക്കിയ വർഷം. വിദ്യാഭ്യാസ സംവിധാനത്തിൽ കുറെ കുട്ടികൾക്കെങ്കിലും വിശ്വാസം പോലും നഷ്ടപ്പെടുത്തിയ കെടുകാര്യസ്ഥതയുടെ കാലം…
ഈ ചോരതിളപ്പ് തീർക്കേണ്ടത് ആ സിസ്റ്റത്തിന്റെ നെഞ്ചത്താണ്. അല്ലാതെ കൂടെപ്പഠിക്കുന്ന ആ പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്.. അവളല്ല നിങ്ങളുടെ വർഗ്ഗശത്രു.
ക്യാമ്പസിലെ വർഗ്ഗീയതയ്ക്ക് എതിരെ ചവിട്ടാനല്ല, കുത്താനല്ല, ചുവരെഴുത്ത് ആണ് അഭിമന്യു ആയുധമാക്കിയത്. ആ ചുവരെഴുത്ത് ആയിരങ്ങൾ ഏറ്റെടുത്ത് നെഞ്ചിലെഴുതി. അതാണ് വിദ്യാർഥികളെ നയിക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close