Breaking NewsKERALANEWSTrending

അഴിമതി വീരന്റെ ജീപ്പ് ഇടിച്ചുണ്ടായ മരണത്തിലും ദുരൂഹത; ഏറ്റുമാനൂർ സ്വദേശിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത് ഹാരിസിന്റെ ഔദ്യോഗിക ജീപ്പ്; ഒരാൾ സസ്പെൻഷനിലും ഒരാൾ ഒളിവിലും കഴിയുമ്പോൾ ഇനിയും പുറത്തുവരാനുള്ളത് അഴിമതിയെക്കാൾ ഞെട്ടിക്കുന്ന കഥകളോ..?

കോട്ടയം: അഴിമതി വീരൻ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ എം ഹാരീസിന് കൈക്കൂലി കേസിൽ സസ്‌പെൻഷൻ. കൈക്കൂലി കേസിൽ പിടിയിലായതിന് പിന്നാലെ ഇയാളുടെ ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അലമാരയിലും കിച്ചൻ കാബിന്റെ അടിയിലും പാത്രങ്ങളിലും ബക്കറ്റിലും ഉൾപ്പെടെ സൂക്ഷിച്ച നിലയിലാണ് നോട്ടു കെട്ടുകൾ കണ്ടെത്തിയത്. രണ്ടാം പ്രതി ജോസ്മോന് എതിരെയും കൂടുതൽ അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു വ്യാപാരിയുടെ പക്കൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് വിജിലൻസിന്റെ പിടിയിലാകുന്നത്. ഹാരിസ് അറസ്റ്റിലായതിനു പിന്നാലെ മുൻ ജില്ലാ എൻജിനീയർ ജോസ്‌മോന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് രണ്ടുകോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളാണ്. സിയാൽ വിമാനത്താവളത്തിൽ ഉൾപ്പെടെ നിരവധി നിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും വിജിലൻസ് കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ഏഴുകോണിൽ ഷോപ്പിങ് കോപ്ലക്‌സ്, വാടക കെട്ടിടം. ആഡംബര വീട്, രണ്ടു കാറുകൾ, അറുപത് പവനോളം സ്വർണം, മുത്തൂറ്റ് ബാങ്കിൽ 70 പവൻ സ്വർണം, കണക്കിൽ പെടാത്ത 1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം 4296 യുഎഇ ദിർഹം, അമേരിക്കൻ ഡോളർ, കനേഡിയൻ ഡോളർ, ഖത്തർ റിയാൽ എന്നിവയും കണ്ടെത്തി. സ്വർണ്ണ നാണയങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തു.

ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. കോട്ടയത്തെ വ്യവസായിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹാരിസ് വിജിലൻസ് പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഹാരിസിന്റെ ആലുവയിലെ ആഡംബര ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു.

ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിൽ സീനിയർ എൻവയൺമെന്റ് എൻജിനീയറാണ് ജോസ്‌മോൻ. ഹാരിസ് ദിവസവും ആലങ്ങാട്ടു നിന്നാണ് കോട്ടയത്ത് ജോലിക്കെത്തിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാഹനം അനധികൃതമായി ഉപയോഗിച്ചതായി ഇദ്ദേഹത്തിനെതിരെ മുൻപ് പരാതിയുണ്ട്. ഈ കേസിലും ജോസ്‌മോൻ രണ്ടാം പ്രതിയാണ്.

ഹാരിസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഹാരിസിനെ തിരുവനന്തപുരം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. പരാതിക്കാരനായ ജോബിൻ സെബാസ്റ്റ്യന്റെ സ്ഥാപനത്തിനു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ വിജിലൻസ് ഇടപെട്ട് ലഭ്യമാക്കുമെന്ന് എസ്‌പി വി.ജി.വിനോദ്കുമാർ പറഞ്ഞു. ഡിവൈഎസ്‌പിമാരായ കെ.എ.വിദ്യാധരൻ, എ.കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അതേസമയം ഹാരിസിന്റെ ഔദ്യോഗിക വാഹനം ഇടിച്ചു വഴിയാത്രക്കാരൻ മരിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. ജൂൺ 17ന് എംസി റോഡിൽ രാത്രി ഒമ്പത് മണിയോടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഏറ്റുമാനൂർ വില്ലേജ് ഓഫിസിനു സമീപത്തുകൂടി നടന്നുപോയ പട്ടിത്താനം കൊടികുത്തിയേൽ വീട്ടിൽ കെ.ആർ.രാജീവ് മോനെ (30) ഇടിച്ചു തെറിപ്പിച്ച ജീപ്പ് നിർത്താതെ പോയെന്നാണ് പരാതി. പരുക്കേറ്റ രാജീവ് മോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 22നു മരിച്ചു.

സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലെ താൽക്കാലിക ഡ്രൈവർ ആർപ്പൂക്കര പനമ്പാലം അങ്ങാടി വെച്ചൂത്തറ വീട്ടിൽ നിഖിലിനെ (29) അന്ന് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.ഓഫിസ് ജീപ്പ് അനധികൃതമായി ഉപയോഗിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനർ ടി.എൻ.പ്രതാപനാണ് പരാതി നൽകിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close