KERALANEWSTop News

ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസ്; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു; കുറ്റവാളികൾ പിടിയിലാകുന്നത് സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭർത്താവ് നേരത്തെ രംഗത്തെത്തിയിരുന്നു. പോലീസ് പ്രതികളെ പിടിക്കാൻ ശ്രമിച്ചില്ലെന്നാണ് ഭർത്താവ് ആരോപിച്ചിരുന്നു. പ്രതികളെ പിടിക്കുന്ന കാര്യം ചോദിച്ചപ്പോൾ നാളെ നോക്കാമെന്നാണ് പോലീസ് പറഞ്ഞത്. ഇതുവരെ ആശുപത്രിയിലെത്തി പോലീസ് വിവരം അന്വേഷിച്ചിട്ടില്ല. മൊഴിയെടുക്കണമെങ്കിൽ യുവതിയെ സ്റ്റേഷനിൽ കൊണ്ടുചെല്ലണമെന്നും പോലീസ് പറഞ്ഞതായും ഭർത്താവ് ആരോപിച്ചിരുന്നു.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിക്കാണ് വനിതാ കമ്മിഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഈ മാസം 22ന് അർധരാത്രിയാണ് സംഭവം നടന്നത്. 35കാരിയായ ആരോഗ്യപ്രവർത്തകയെ ബൈക്കിൽ എത്തിയവർ കടന്നുപിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയെയാണ് തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരികയായിരുന്ന ഇവരെ തോട്ടപ്പള്ളി മുതൽ ബൈക്കിൽ ചിലർ പിന്തുടർന്ന് വന്ന ചിലർ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ പുറകെ എത്തിയ ഇവർ കഴുത്തിന് പിടിച്ചെന്നും നടുവിന് ചവിട്ടിയെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. അക്രമികൾ ഇവരോട് സ്വർണ്ണം ആവിശ്യപെടുകയും എന്നാൽ സ്വർണ്ണം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ഇരുചക്ര വാഹനത്തിന്റെ നടുക്ക് ഇരുത്തി തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. അതിനിടെ പോലീസ് പെട്രോളിംഗ് നടത്തുന്ന വാഹനം അതുവഴി വരികയായിരുന്നു. പോലീസിനെ കണ്ട അക്രമികൾ യുവതിയെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close