KERALANEWSTop News

കനത്ത മഴ; കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മണിമല ഒറ്റപ്പെട്ടു; കുട്ടനാടും വെള്ളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴ നിലനിൽക്കുകയാണ്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ത്രീകരിച്ചു. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെനിന്നും എട്ടുപേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പോലീസ് സംഘങ്ങൾ എന്നിവ തിരച്ചിലിൽ ഉണ്ടാവും. കൊക്കയാറിൽ തിരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.

കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂട്ടിക്കലിൽ 40 അം​ഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്. കൂട്ടിക്കലിനു പുറമേ മണിമലയും ഒറ്റപ്പെട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം. മണിമലയിലേക്കുള്ള റോഡുകൾ വെള്ളം കയറിയ അവസ്ഥയിലാണ്. ഇടുക്കിയിൽ രാത്രി മുഴുവൻ മഴ തുടരുകയായിരുന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. മഴ ശമിക്കാത്തതിനെ തുടർന്ന് കൂട്ടിക്കലിലും കൊക്കയാറിലും ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലാണ്. 11 കെവി ലൈനുകൾ അടക്കം വ്യാപകമായി തകർന്നെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close