KERALANEWSTop News

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ; ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; 11 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും. 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മഴ മുന്നറിയിപ്പില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നാളെ മുതൽ മഴ ശക്തമായേക്കും. വ്യാഴാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 21 ന് 12 ജില്ലകളിലും 22ന് 13 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 20നും 22നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം,കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. കേരള,കർണാടക,തമിഴ്നാട്,ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

അതേസമയം ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ ഇന്ന് തുറന്നു. നീരൊഴുക്കിനെ തുടർന്ന് ജലനിരപ്പുയർന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നത്. ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തന്നെ തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം ഇന്ന് തുറന്നത്. സൈറൺ മുഴക്കിയ ശേഷമാണ് ഷട്ടർ തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് തുറന്നത്. ഇതിലൂടെ 35000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകിയത്. മൂന്ന് ഷട്ടറുകളും ഉയർത്തിയതോടെ ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.

മൂന്ന് ഷട്ടറുകൾ തുറന്ന് 100 ക്യുമക്‌സ് വരെ ജലം ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുന്നത്. കനത്ത മഴയോടെ സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ മഴയിൽ നീരൊഴുക്ക് കൂടി ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണിത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇടമലയാർ ഡാം തുറന്നത്. 80 സെന്റിമീറ്റർ വീതം ഡാമിന്റെ 2 ഷട്ടറുകളാണ് ഉയർത്തിയത്. ഇടമലയാർ ഇതിനുമുമ്പ് തുറന്നത് 2018 ആഗസ്റ്റിലാണ്. പമ്പ ഡാം രാവിലെ 5.30 യോടെ തന്നെ തുറന്നിരുന്നു. 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close