INSIGHTMoviesNEWS

ത്രില്ലറുകളുടെ അതിപ്രസരത്തിൽ ആശ്വാസവുമായി ഒലിവർ ട്വിസ്റ്റും കുടുംബവും… ; കണ്ണും മനസും നിറച്ച് ​#ഹോം പ്രേക്ഷക ശ്രദ്ധ നേടുമ്പോൾ

അനു അന്ന ജേക്കബ്ബ്

ഒടിടി റിലീസ് എന്ന ബ്രഹ്മാണ്ഡ സംഭവം ഉദിച്ചുണർന്നതിനു ശേഷം ലോക മലയാളികളുടെ ഇടയിൽ ചർച്ച ഒന്നു മാത്രമായിരുന്നു മലയാള സിനിമ. ലോകമെമ്പാടും മലയാള സിനിമ ഒരു പോലെ റീലിസിനെത്തുമ്പോൾ സിനിമ പ്രേമികൾക്ക് ആശ്വസവും ഒപ്പം സംവിധായകന് സംതൃപ്തിയും ഒരു പോലെ ലഭിക്കുന്നു എന്നതാണ് സത്യം. ഒരു മലയാള സിനിമ കണ്ട് മനസും കണ്ണും നിറഞ്ഞ അനുഭവം പ്രേക്ഷകർ അവസാനമായി അനുഭവിച്ചറിഞ്ഞത് എന്നാവും? ഓർത്തെടുക്കാൻ സമയമെടുക്കുന്നുവെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് റോജിൻ തോമസ് സംവിധാനം ചെയ്ത #ഹോം എന്ന ചിത്രം എത്തുന്നത്.

ഇന്ന് സിനിമ പ്രേമികൾക്കിടയിലോ അതോ ലോക മലയാളികളുടെ ഇടയിലോ ഒരു സിനിമ കണ്ടിട്ട് ഒരു കുടുംബത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടങ്കിൽ അത് നമ്മുടെ ഒലിവർ ട്വിസ്റ്റിന്റെയും കുടുംബത്തിന്റെയും കാര്യത്തെക്കുറിച്ച് മാത്രമാണ്. അത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല പകരം എല്ലാ വീട്ടിലും ഓരോ ഒലിവർ ഉണ്ടന്ന് കാണിച്ചു കൊടുക്കാൻ നമ്മുക്ക് സാധിക്കും. സ്വന്തം കുടുംബത്തെക്കാൾ ഏറെ ഒലിവറിനെ സ്നേഹിച്ചു പോകും നമ്മളെന്ന് കാട്ടിത്തരുകയാണ് #ഹോം എന്ന വിസ്മയ ചിത്രത്തിലൂടെ.

റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഹോം. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലൻ, കൈനകരി തങ്കരാജ് എന്നിവർ അടങ്ങുന്ന ഒരു കുടുംബത്തെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഒപ്പം, ഇവരെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റ് കഥാപാത്രങ്ങളേയും കുടുംബങ്ങളേയും സിനിമയിൽ കാണാം. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ നർമ്മവും ഇമോഷൻസും ചേരുംപടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനിവിടെ.

#ഹോം ഇത് നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഏത് നേരവും മുങ്ങിത്തപ്പുന്ന കയ്യിലെ സ്മാർട്ട്ഫോൺ മാറ്റി വച്ച് നോക്കിയാൽ നിങ്ങൾക്ക് കാണാം ഒലിവർ ട്വിസ്റ്റിനെയും കുട്ടിയമ്മയെയും ചാൾസിനെയും ആന്റണിയെയുമെല്ലാം. സാങ്കേതികവിദ്യയ്ക്ക് സ്വാധീനമുള്ള കാലത്ത് ജീവിക്കുന്ന മക്കൾക്കിടയിൽ സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന രക്ഷിതാക്കളുള്ള അനേകം വീടുകൾ നമ്മുടെ നാട്ടിലുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗിക്കാനറിയാത്ത, ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റ​ഗ്രാമും എന്തെന്നറിയാത്ത, ഫോണിൽ ഒരു ഫോട്ടോ പോലും എടുക്കാനറിയാത്ത ‘വേറെ ഏതോ ലോകത്ത്’ ജീവിക്കുന്ന മാതാപിതാക്കൾ.

മക്കൾക്ക് മുന്നിൽ പഴഞ്ചനായി പോയ, ജീവിതത്തിൽ അസാധാരണമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഒരച്ഛൻ, അതാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. കാലത്തിനൊത്ത് മാറാത്തത് കൊണ്ട് ആകെയുണ്ടായിരുന്ന കച്ചവട സ്ഥാപനം പൊളിഞ്ഞത് പോലെ മൂത്തമകനും ഒലിവറും തമ്മിലുള്ള ബന്ധവും അകന്ന് പോകുകയാണ്. മുഴുവൻ സമയം അവൻ ഫോണിലാണ് ചെലവഴിക്കുന്നത്. ആദ്യ സിനിമ സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ കഴിഞ്ഞ രണ്ട് വർഷമായി പുതിയ സിനിമയുടെ രചനയിലാണ്.

സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്തിൽ ജീവിക്കുന്ന മക്കൾക്കൊപ്പം എത്തിപ്പെടാൻ ഒലിവർ ട്വിസ്റ്റ് നടത്തുന്ന പരിശ്രമങ്ങൾ ഒരേസമയം ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും. പിഎച്ച്ഡിയും മറ്റുമുള്ള, ടെക്നോളജിയിൽ അപ്ഡേറ്റഡായ, സ്വന്തം ആത്മകഥ എഴുതിയ ഭാവി അമ്മായിഅച്ഛനോടുള്ള ആന്റണിക്കുള്ള ആദരവിനും ബഹുമാനത്തിനും സ്നേഹത്തിനും മുന്നിൽ പ്രത്യേകിച്ച് എടുത്തു പറയാൻ തക്കവിധ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവ് ഒലിവറിനെ നിരാശനാക്കുന്നുണ്ട്. എന്നാൽ മകനോട് പറയാൻ ‘എക്സ്ട്രാ ഓർഡിനറി’ ആയ ഒരു സംഭവം അയാളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന തിരിച്ചറിവ് ചിത്രത്തിന്റെ കാതലാണ്.

ഒലിവർ ട്വിസ്റ്റ് ആയെത്തിയ ഇന്ദ്രൻസ് തന്നെയാണ് ഈ വീടിന്റെ നട്ടെല്ല്. ഒലിവറിന്റെ ഭാര്യ കുട്ടിയമ്മയായി എത്തിയ മഞ്ജു പിള്ള അതിഭാവുകത്വമേതുമില്ലാതെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. “എനിക്കെന്റെ മോന്റെ അടുത്ത് വെറുതേ ഇരുന്നൂടേ” എന്ന് ചോദിക്കുന്ന അച്ഛനെ ഒന്നുമറിയാത്തവനാക്കിയ മകനോട് “ആ ഇരിക്കുന്നത് നിന്റെ തന്തയാ, അത് നിനക്ക് ഓർമ്മവേണം, നീയൊക്കെ ആരാടാ, ഭൂമിയിലേക്ക് പൊട്ടിവീണ രാജാക്കന്മാരോ” എന്ന് പൊട്ടിത്തെറിക്കുന്ന, ഭർത്താവിനേയും ഭർതൃപിതാവിനേയും മക്കളെയും ജീവിതമായി കാണുന്ന കുട്ടിയമ്മയെ അത്രമാത്രം കയ്യടക്കത്തോടെ മഞ്ജു പിള്ള കൈകാര്യം ചെയ്തിരിക്കുന്നു.

ഒരു നവാഗത സംവിധായകന്റെ ആശങ്കകളും പ്രതിസന്ധിയും മനോഹരമായി അവതരിപ്പിച്ച ശ്രീനാഥ് ഭാസിയും ത​ഗ് ഡയലോ​ഗുകളും കൗണ്ടറുകളുമായി യൂട്യൂബ് ജീവിയായ ചാൾസ് ആയി എത്തിയ നസ്ലിനും കയ്യടി നേടുന്നു. കഥാപാത്രങ്ങളെ ഓരോരുത്തരെയായി വിശദമായി പരിചയപ്പെടുത്തിയാൽ കഥ മുഴുവനായി പറയേണ്ടി വരും. ഒലിവറിനേയും മൂത്തമകൻ ആന്റണിയേയും കുറിച്ച് പറയാതെ വയ്യ കാരണം സിനിമ പൂർണമായും ഇവരിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. രണ്ട് തലമുറയുടെ പ്രതിനിധികൾ.

ഫോണിൽ കളിയും ചിരിയുമായി സമയം കളയുന്നവർ നേരെ കാണുന്ന അച്ഛനോടും അമ്മയോടും സംസാരിക്കാൻ പിശുക്ക് കാണിക്കുകയാണ്. അവരുടെ സംസാരം എണ്ണം പറഞ്ഞ വാക്കുകളിലും മൂളലുകളിലും അവസാനിക്കുന്നു. തന്റെ ജീവിതത്തിൽ നടന്ന ഒരു അസാധാരണ സംഭവത്തെ മകന്റെ മുന്നിൽ വലിയ കാര്യമായി ഒലിവർ അവതരിപ്പിക്കുന്നെങ്കിലും ആന്റണിക്ക് അതൊരു കെട്ടുകഥയായിട്ടാണ് അനുഭവപ്പെടുന്നത്. പക്ഷെ, ഒടുവിൽ ആന്റണിയിലുണ്ടാകുന്ന തിരിച്ചറിവ് കരിയറിലും ജീവിതത്തിലും തനിക്ക് സംഭവിച്ച തെറ്റുകളെ തിരുത്താൻ വഴിയൊരുക്കുന്നു.

രണ്ടേമുക്കാൽ ദൈർഘ്യമുള്ള സിനിമ ആദ്യമൊന്ന് ഞെട്ടിച്ചെങ്കിലും സിനിമ തുടങ്ങി അവസാനിക്കും വരെ സമയത്തേക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. നുറുങ്ങ് നർമ്മങ്ങളിലൂടെ ആദ്യം തന്നെ റോജിൻ പ്രേക്ഷകരെ കൈയിലെടുക്കുന്നു. ഒലിവർ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നു. ഒലിവർ മാത്രമല്ല ഓരോ കഥാപാത്രങ്ങളും. സിനിമയുടെ ഒടുവിൽ ഇന്ദ്രൻസിന്റെ ഉള്ളുന്ന നിറയുന്ന ഒരു പുഞ്ചിരിയുണ്ട്, അത് ഉറക്കം മാറ്റി വച്ച് സിനിമ കണ്ട് തീർത്ത പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്നതാണ്. ഇന്ദ്രൻസ് ഒരു ഫ്രെയിമിൽ പോലും അഭിനയിക്കുന്നില്ല, അദ്ദേഹം ഒലിവർ ട്വിസ്റ്റായി ജീവിക്കുകയാണ്.അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി ഒലിവർ ട്വിസ്റ്റിനെ അടയാളപ്പെടുത്താം.

ഒലിവർ ട്വിസ്റ്റിന്റെ അച്ഛൻ കഥാപാത്രമായ കൈനകരി തങ്കരാജിന്റെ കഥാപാത്രം കൈയ്യടി അർഹിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ ഇഴയടുപ്പം ഒലിവറും അപ്പച്ചനും തമ്മിലുള്ള ബന്ധത്തിൽ കാണാം. വിദ്യാസമ്പന്നയായ ഭാര്യയെ ജോലിക്ക് വിടാത്തതാണ് പെരുമ എന്ന് അഭിമാനിക്കുന്നവരെ നിശബ്ദമാക്കുന്നതാണ് ഒലിവറും ഭാര്യ കുട്ടിയമ്മയും തമ്മിലുള്ള ബന്ധം. മഞ്ജുപിള്ള അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചിത്രത്തിൽ. കുട്ടിയമ്മ എന്ന കഥാപാത്രം ആ കൈകളിൽ ഭദ്രമായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലെ ആ എനർജി അതുപോലെ തുടരുന്ന പ്രകടനമാണ് നസ്ലിന്റേത്. കാസ്റ്റിംഗിൽ റോജിൻ പുലർത്തിയ കൃത്യതയാകാം ചിത്രത്തെ ഇത്രത്തോളം പ്രേക്ഷകരോട് അടുപ്പിക്കുന്നത്.

ജോണി ആന്റണിയും, പുതുമുഖം ദീപ തോമസും ശ്രീകാന്ത് മുരളിയും കെപിഎസി ലളിതയും അനൂപ് മേനോനും വിജയ് ബാബുവും മണിയൻപിള്ള രാജുവും ഉൾപ്പെടെ ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും കൃത്യമായ സ്പേസും പ്രാധാന്യവും റോജിൻ നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് സ്വന്തം ജീവിതവുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന വിധമാണ് പാത്ര സൃഷ്ടിയും അവതരണവും. രാഹുൽ സുബ്രഹ്‌മണ്യൻ ഈണം നൽകിയ ഗാനങ്ങൾ പശ്ചാത്തല സംഗീതം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നവയാണ്.

അത്രത്തോളം കഥയുടെ ഒഴുക്കിനോട് അവ ചേർന്ന് നിൽക്കുന്നു. സിനിമയെ അതിലെ ഇമോഷൻസിനെ പ്രേക്ഷകരോട് ചേർത്ത് നിർത്തുന്നതിൽ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഗംഭീരമായ ഒരു ദൃശ്യ വരുന്നാണ് ഹോം. നീൽ ഡി കുഞ്ഞയുടെ ഛായാഗ്രഹണം ഇരുണ്ട സ്‌ക്രീനുകളിൽ നിന്നും വർണങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. ത്രില്ലറുകളുടെ അതിപ്രസരത്തിൽ ഒരു ആശ്വാസമാണ് പ്രേക്ഷകർക്ക് ഹോം നൽകുന്നത്.സിനിമ കണ്ട് തീർക്കുമ്പോൾ കണ്ണ് നനയാത്തവരായി ആരും ഉണ്ടാകില്ല. അത്രത്തോളം മനസിനെ സ്പർശിക്കുന്നുണ്ട് ഒലിവർ ട്വിസ്റ്റും കുടുംബവും.

അപരിചിതരായ ഒരു കഥാപാത്രത്തേയും ചിത്രത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കില്ല. സിനിമ അവസാനിക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ഫോൺ ഒന്ന് മാറ്റി വച്ച് അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് അവരുടെ കവിളിൽ ഒരു ചുംബനം കൊടുക്കാൻ, അവരോടൊപ്പമിരുന്ന് അല്പ സമയം സംസാരിക്കാൻ മക്കൾക്ക് തോന്നും. രണ്ടേമുക്കാൽ മണിക്കൂർ സമയം പ്രേക്ഷകരുടെ മനോവ്യാപാരങ്ങളെ കൈവെള്ളയിൽ ഒതുക്കാൻ സാധിച്ച സംവിധാകയൻ കൈയടി അർഹിക്കുന്നു. ഇത് നിങ്ങളുടെ വീടാണ്, ഇതിൽ നിങ്ങളൊക്കെ തന്നെ ആണ് ഉള്ളത് എന്ന് ഒന്നു കൂടി മനസ്സിലാക്കി തരുകയാണിവിടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close