
കോട്ടയം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും. ഭാര്യ ബിന്ദുവിനെ (30) കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷിനെയാണ് (42) കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്.
കുടുംബവഴക്കിനെ തുടർന്നാണ് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് യുവതിയെ കിണറ്റിൽ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. 2015 മാർച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി രാജേഷ് വഴക്കുണ്ടാക്കുമായിരുന്നു. കൊലപാതകം നടന്ന ദിവസവും രാജേഷ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കം ഉണ്ടാകുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇയാൾ ഭാര്യയെ കിണറ്റിൽ തള്ളിയിട്ടത്. കിണറ്റിൽ ഇറങ്ങിയശേഷം രാജേഷ് ഭാര്യയെ ചവിട്ടി മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ കോടതിയിൽ മൊഴിനൽകി. പ്രദേശവാസികളും പ്രതിയുടെ അയൽവാസികളും ഇയാൾക്കെതിരെ കോടതിയിൽ മൊഴി നൽകി.
കേസിൽ 34 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗിരിജ ബിജു, അഡ്വ. മഞ്ജു മനോഹർ, അഡ്വ. എം.ആർ. സജ്നമോൾ എന്നിവർ ഹാജരായി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..