ഇടുക്കി: ഇടുക്കി ഉത്തമപാളയത്ത് അഭിഭാഷകനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. റോഡരികിൽ വെച്ചുള്ള ആക്രമണത്തിൽ കടലൂർ സ്വദേശിയായ മദനൻ ആണ് കൊല്ലപ്പെട്ടത്. ഉത്തമപാളയം കോടതിയിൽ നിന്ന് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മദനനെ കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തമപാളയം ടൗണില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. ഒരു വർഷം മുൻപ് നടന്ന ഒരു കൊലപാതകത്തിൽ പ്രതിയായിരുന്നു മദനൻ. ആ സംഭവത്തിലുള്ള വൈരാഗ്യമാണ് ഒരു വർഷത്തിന് ശേഷം കൊലപാതകത്തിൽ കലാശിച്ചത്. കോടതിയിൽ നിന്ന് മടങ്ങി വരുന്ന വഴി ബൈക്ക് ഇടിച്ചിട്ട ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉത്തമപാളയം യൂണിയന്‍ ഓഫീസിനു സമീപമാണ് സംഭവം. നാട്ടുകാര്‍ മദനനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാനിധി, സഹോദരങ്ങളായ സെല്‍വേന്ദ്രന്‍, സ്വദേശി, കുമാര്‍ എന്നിവരാണ് പിടിയിലായത്. കൂടല്ലൂരിനടുത്തുള്ള കുള്ളപ്പഗൗണ്ടന്‍പട്ടി സ്വദേശിയായ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കഴിഞ്ഞ വര്‍ഷം ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തമപാളയത്തിനടുത്തുള്ള ഗോവിന്ദന്‍പട്ടി ഭാഗത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിയായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട മദനന്‍. ഈ സംഭവത്തിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ പ്രതികള്‍ കേസിൽ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും തമിഴ്‌നാട് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം എത്തി തെളിവുകള്‍ ശേഖരിച്ചു.