ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചെന്ന കാരണത്താലാണ് യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അരുൺ കുമാർ ആണ് അക്രമത്തിനിരയായത്. മൂന്നാങ്കണ്ടം സ്വദേശിനി ഷീബയാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് കയ്യിൽ കരുതിയ ആസിഡ് അരുണിന്റെ മുഖത്ത് ഷീബ ഒഴിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. സമൂഹമാധ്യമത്തിലൂടെയാണ് അരുൺകുമാറും ഷീബയും പരിചയത്തിലാകുന്നത്.
ആദ്യം യുവതി വിവാഹിത ആണെന്ന് അരുൺ അറിഞ്ഞിരുന്നില്ല. പിന്നീട് ഇക്കാര്യം മനസ്സിലായതോടെ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനു ശേഷം അരുൺ മറ്റൊരു വിവാഹം കഴിക്കാനും തീരുമാനിച്ചു. ഈ ദേഷ്യത്തിലാണ് ഷീബ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.