KERALANEWSTop News

ഇടുക്കിയിൽ മലയോര പ്രദേശങ്ങളിലെ രാത്രി യാത്ര നിരോധിച്ചു; തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തിവെക്കാൻ നിർദ്ദേശം; കനത്ത മഴയെ തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

​തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ജില്ലയിൽ മലയോരപ്രദേശങ്ങളിലെ രാത്രികാല യാത്രയും നിരോധിച്ചു. തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തിവെക്കാനും കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടു.

അതേസമയം ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ഇത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസ്, വനം, ടൂറിസം വകുപ്പുകൾക്ക് നിർദ്ദേശംനൽകി. അപകട സാധ്യത മുന്നിൽ കണ്ട് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്​. തോട്ടം മേഖലയിൽ മരം മറിഞ്ഞ് വീണും, മണ്ണിടിഞ്ഞും മറ്റും അപകട സാധ്യത നിലനിൽക്കുന്നതിനാലും ഉരുൾപൊട്ടൽ, സോയിൽ പൈപ്പിങ്ങ് എന്നിവയ്ക്ക് സാധത ഉള്ളതിനാലും ഈ മേഖലകളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ റെഡ് അലർട്ട്​ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകേണ്ടതും, ആസ്ഥാനം വിട്ട് പോകാൻ പാടില്ലാത്തതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close