KERALANEWSTop News

ഇടുക്കി പൂപ്പാറയിൽ നീരുറവയുടെ നിറം മാറി; ശക്തമായ നീരൊഴുക്കിനൊപ്പം ഒഴുകി വന്നത് വെളുത്ത നിറത്തിലുള്ള മണലും; ആശങ്കയിലായ സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു; സ്ഥലത്ത് കൂടുതൽ പഠനം നടത്തണമെന്ന് ജിയോളജി വകുപ്പ്

പൂപ്പാറ: ഇടുക്കിയിലെ പൂപ്പാറയിൽ നീരുറവയുടെ നിറം മാറിയത് സമീപവാസികൾ ആശങ്കയിലാക്കുന്നു. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകി വന്ന് വെള്ളത്തിന് വെളുത്ത നിറമായി. ആശങ്കയിൽ സമീപവാസികളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പൂപ്പാറ മള്ളം തണ്ടിൽ ഉണ്ണിയുടെ കൃഷിയിടത്തിലെ നീർച്ചാലിലെ വെള്ളത്തിൻറെ നിറം മാറിയത്. ശക്തമായ നീരൊഴുക്കിനൊപ്പം വെളുത്ത നിറത്തിലുള്ള മണലും ഒഴുകിയെത്തി. വെള്ളത്തിന്റെ നിറം മാറിയത് സമീപവാസികൾ ആശങ്കയിലാക്കി. ഇതിനെ തുടർന്ന് സമീപ വാസികളെ ഉടുമ്പൻ ചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മാറ്റിപ്പാർപ്പിച്ചു.

തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ജില്ല ജിയോളജിസ്റ്റ് വ്യക്തമാക്കി. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. ഭൂമിക്കടിയിലെ പാറപ്പൊടി വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

2019 ൽ ഇതിനു മുകൾ ഭാഗത്ത് സോയിൽ പൈപ്പിംഗിനെ തുടർന്ന് ഒരു ഗർത്തം രൂപപ്പെട്ടിരുന്നു. പുതിയ പ്രതിഭാസത്തിനു ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധന നടത്തും. പരിശോധന റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് നൽകും. ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികെ വീടുകളിലേക്ക് എത്താവു എന്നും ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ 15 കുടുംബങ്ങൾ ബന്ധുവീടുകളിലാണിപ്പോൾ കഴിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close