INSIGHTKERALANEWSTop News

ഐ എഫ് എഫ് ഐ നാളെക്കായി കരുതിവയ്ക്കുന്നത്…

എ.ചന്ദ്രശേഖര്‍
(ചലച്ചിത്ര നിരൂപകന്‍)

ഗോവ: നമ്മുടെ ചലച്ചിത്രമേളകള്‍ ചലച്ചിത്രവ്യവസായത്തിന് എന്തു ചെയ്തു? അഥവാ, പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ ചലച്ചിത്രമേളകളുടെ പങ്കെന്താണ്? വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങളും കോടികളും ചെലവിട്ട് രാജ്യാന്തര ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം നേരിടുന്നൊരു ചോദ്യമാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ സംസ്‌കാരങ്ങളില്‍ സാഹിത്യത്തിലെന്നപോലെ സിനിമയില്‍ എന്താണ് സംഭവുക്കുന്നതെന്ന് നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ചലച്ചിത്രകാരന്മാരായിത്തീരാന്‍ ശ്രമിക്കുന്നവര്‍ക്കും കാണിച്ചു തരുന്നതിനോടൊപ്പം അവര്‍ക്ക് അതിനു പ്രേരണ നല്‍കുക കൂടിയാണ് ചലച്ചിത്രമേളകളുടെ നിയോഗം എന്നത് സംശയമില്ലാത്ത കാര്യമാണ്. മുഖ്യധാരാ സിനിമയിലെ യുവതലമുറ നേതൃത്വം കൊടുത്ത നവഭാവുകത്വ പരിണതിക്കു പിന്നില്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള സ്വാധീനം സനല്‍ കുമാര്‍ ശശിധരന്‍, ഡോ.ബിജു, വിപിന്‍ വിജയ്, സജിന്‍ബാബു മുതല്‍ തമിഴില്‍ മാറ്റത്തിനു തുടക്കമിട്ട ശശികുമാര്‍ സമുദ്രക്കനിമാര്‍വരെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍, ഔപചാരികതയുടെയും, മുഖ്യധാരാ ഹിന്ദി സിനിമയുടെ അമിതസ്വാധീനമടക്കം മറ്റുപല കാരണങ്ങള്‍ കൊണ്ടും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നാളിതുവരെ നിര്‍ണായകമായൊരു ഇടപെടല്‍ നടത്തിക്കണ്ടിരുന്നില്ല. അറിയപ്പെടുന്ന കായികതാരവും, കലാകാരന്മാരെ അംഗീകരിക്കുന്നതില്‍ കലവറയില്ലാത്ത മനസ്ഥിതി കാണിക്കുന്ന കലാസ്വാദകനുമായ അനുരാഗ് ഠാക്കൂര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം, ഇതാദ്യമായി സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാര്‍ഷികത്തിന് ഗോവയിലരങ്ങേറുന്ന 52-ാമത് രാജ്യാന്തര ചലച്ചിത്രമേള മറ്റു പലതിലുമെന്നോണം യുവാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്‌ളാഘിക്കപ്പെടേണ്ട, ശ്രദ്ധേയമായൊരു ചവടുവയ്പ്പാണ് നടത്തിയിട്ടുള്ളത്.

ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ നിന്നടക്കമുള്ള 16 വയസിനു മുകളിലുള്ള ആയിരക്കണക്കിന് സിനിമാമോഹികളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ച് അവയില്‍ നിന്ന് 75 പ്രതിഭകളെ തെരഞ്ഞെടുത്ത് അവരെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേകക്ഷണിതാക്കളായി മാസ്റ്റര്‍ ക്‌ളാസുകളിലടക്കം പങ്കെടുപ്പിച്ചു പരിശീലനം നല്‍കി നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഉള്‍പ്പെടുത്തിയ 75 ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ ആണിത്. കവിയും ഗാനരചയിതാവുമായ പ്രസൂണ്‍ ജോഷി അധ്യക്ഷനും, പ്രമുഖ ചലച്ചിത്രകാരന്മാരായകേതന്‍ മെഹ്ത്ത, നടന്‍ മനോജ് ബാജ്‌പേയി, ഗായകനും സംഗീതസംവിധായകുമായ ശങ്കര്‍ മഹാദേവന്‍, ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് 75 കഴിവുറ്റ യുവ പ്രതിഭകളെ ഇതിനായി തെരഞ്ഞെുടുത്തത്. ഇവരില്‍ തമിഴ് നാട്ടില്‍ നിന്നുള്ള 16 വയസുകാരന്‍ മുതല്‍ ആലപ്പുഴയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള യുവതീയുവാക്കള്‍ വരെയുണ്ട്.കോട്ടയത്തു നിന്ന്, ഒരിടം എന്ന സിനിമയിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ പ്രദീപ് നായരുടെ മകന്‍ പൃഥുവും ഈ 75 പേരില്‍ ഉള്‍പ്പെടുന്നു.


‘നമ്മുടെ സര്‍ഗാത്മകത സത്യത്തില്‍ ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്.സ്‌പോര്‍ട്‌സിന്റെ കാര്യത്തിലായാലും സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും അങ്ങനെതന്നെയാണ്. ഈ ചിന്തയില്‍ നിന്നാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 യുവപ്രതിഭകളെ കണ്ടെത്തി ചലച്ചിത്ര നിര്‍മാണത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കി അവതരിപ്പിക്കുക എന്ന ലക്ഷ്യം ചലച്ചിത്രമേള ഏറ്റെടുക്കുന്നത്. ഇത് ചലച്ചിത്രമേള ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന ദക്ഷിണയാണ്’ തന്റെ സ്വപ്‌ന പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത് ഉള്ളില്‍ത്തട്ടിത്തന്നെയാണ്. കാല്‍ നൂറ്റാണ്ടിനപ്പുറം ചലച്ചിത്രമേളയുടെ നൂറ്റാണ്ട് ആഘോഷിക്കുമ്പോള്‍ മേള ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ മാനിക്കപ്പെടേണ്ടതുണ്ട് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്നാണ് മന്ത്രി പറഞ്ഞത്.


സിനിമ തീയറ്ററിനുവേണ്ടിയോ ഒടിടിക്കു വേണ്ടിയോ എന്ന വിവാദം കത്തിപ്പടരുന്നതിനിടെ, രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സവിശേഷത, ഇക്കുറി ഇതാദ്യമായി ആമസണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് തുടങ്ങി അഞ്ചു പ്രമുഖ ഓടിടികളെ കൂടി സഹകരിപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വ്യവസായമെന്ന നിലയ്ക്ക് സിനിമയ്ക്ക് ഒടിടികളുടെ കൂടി പിന്തുണ കൂടാതെ, അവയെ കൂടി ലക്ഷ്യമാക്കിയല്ലാതെ മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു പരിശ്രമമെന്നു തുറന്നു പറയുമ്പോള്‍, മന്ത്രി ഠാക്കൂറിന്റെ ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും കണ്ടില്ലെന്നു വയ്ക്കാനാവില്ല. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന ബ്രിക്‌സ് രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി ഇന്ത്യയുടെ രാജ്യാന്തര മേളയോടൊപ്പം അവതരിപ്പിച്ചതും ഇരു മേളകളുടെയും ചരിത്രത്തിലാദ്യമാണ്.


പതിവില്‍ നിന്നു വ്യത്യസ്തമായി താരനിബിഢമായ ഉദ്ഘാടനച്ചടങ്ങാണ് ഇക്കുറി അരങ്ങേറിയത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, യുവ സൂപ്പര്‍ താരം രണ്‍വീര്‍ സിങ്, നടി ശ്രദ്ധ കപ്പൂര്‍, താരദമ്പതികളായ ഋതേഷ് ദേശ്മുഖ്-ജനീലിയ ഡിസൂസ എന്നിവരുടെ നര്‍ത്തപ്രകടനങ്ങളായിരുന്നു ചടങ്ങിന്റെ ഹൈലൈറ്റ്. ബോളിവുഡ്ഡിലെ പ്രമുഖ സ്റ്റേജ് ഷോകളെ വെല്ലുന്ന തികവോടെയാണ് ഇവ അരങ്ങേറിയത്. പത്തു വര്‍ഷത്തിനുശേഷമാണ് ജനീലിയ അരങ്ങില്‍ തിരിച്ചെത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close