NEWSSPORTS

ഐ.പി.എൽ; പഞ്ചാബിന് 5 വിക്കറ്റ് ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ചു കിങ്സ് ഇലവൻ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. 12 മത്സരങ്ങൾ വീതം കളിച്ച ഇരുടീമുകൾക്കും ഇതോടെ 10 പോയിൻ്റായി. നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ നാലാമതും പഞ്ചാബ് അഞ്ചാമതുമാണ്. 67 റൺസ് നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ച നായകൻ കെ. എൽ. രാഹുലാണ് കളിയിലെ താരം.

സ്കോർ : കൊൽക്കത്ത 165-7(20)
പഞ്ചാബ് 168-5(18.3)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. ഓപ്പണർ ശുഭ്മാൻ ഗില്ലിനെ(7) പെട്ടെന്ന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ത്രിപതിയും വെങ്കിടേഷ് അയ്യരും രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. 49 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സുമടക്കം വെങ്കിടേഷ് അയ്യർ 67 റൺസെടുത്തപ്പോൾ 26 പന്തിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം ത്രിപതി 34 റൺസ് നേടി. നായകൻ മോർഗൻ(2) വീണ്ടും നിരാശപ്പെടുത്തി. നിതീഷ് റാണ(31) മികച്ച പ്രകടനം കാഴ്ചവെച്ചു. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ടിം സെയ്ഫെർട്ട്(2) റൺ ഔട്ട് ആയി. കൊൽക്കത്തയുടെ മിന്നും പേസർ ലോക്കി ഫെർഗൂസൻ ഇല്ലാതെയാണ് കൊൽക്കത്ത ഇറങ്ങിയത്. പഞ്ചാബിന് വേണ്ടി അർശ്ദീപ് മൂന്നും ബിഷ്ണോയി രണ്ടും ഷമി ഒന്നും വിക്കറ്റ് നേടി.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത പഞ്ചാബിന് അഗർവാളും രാഹുലും മികച്ച തുടക്കം നൽകി. ആദ്യ ഓവറിൽ അഗർവാളിൻ്റെ ക്യാച്ച് നായകൻ മോർഗൻ വിട്ടുകളഞ്ഞത് കൊൽക്കത്തക്ക് തിരിച്ചടിയായി. കെ. എൽ. രാഹുൽ 55 പന്തിൽ നാല് ഫോറും രണ്ടു സിക്സുമടക്കം 67 റൺസ് നേടിയപ്പോൾ അഗർവാൾ 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 40 റൺസ് നേടി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ(22*) കൂറ്റനടികൾ കൊണ്ട് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. കൊൽക്കത്ത ഫീൽഡർമാർ നിരവധി നിർണായകമായ ക്യാച്ചുകൾ വിട്ടുകളഞ്ഞതും തിരിച്ചടിയായി. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ടും നരൈൻ, മവി, വെങ്കിടേഷ് എന്നിവർ ഓരോ വിക്കറ്റും നേടി. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇരുടീമുകൾക്കും നിർണായകമാണ്. ഇന്നത്തെ ഡൽഹി-മുംബൈ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടാൽ മാത്രമേ ഇരുടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ സാധിക്കുകയുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close