NEWSSPORTS

ഐ.പി.എൽ; പഞ്ചാബിനും മുംബൈക്കും ഇന്ന് നിർണായകം; ജയിച്ചാൽ പ്ളേഓഫ് സാധ്യത നിലനിർത്താം

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആണ് മത്സരം. രണ്ടു ടീമുകൾക്കും 10 മത്സരങ്ങളിൽ നിന്ന് 8 പോയിന്റാണ് ഉള്ളതെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തും മുംബൈ ഏഴാം സ്ഥാനത്തുമാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ പ്ളേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും സാധിക്കുകയുള്ളൂ.

മുംബൈ ഇന്ത്യൻസിന് ഓപ്പണർമാരായ ഡി കോക്കും രോഹിത് ശർമ്മയും മികച്ച ഫോമിലാണെങ്കിലും മധ്യനിരയിൽ ആരും നല്ല പ്രകടനങ്ങൾ പുറത്തെടുക്കാത്തത് മുംബൈയെ തോൽവിയിലേക്ക് നയിക്കുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാർഡ് കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലായിരുന്നു. പക്ഷെ രണ്ടാം ഘട്ടത്തിലെ ഇതുവരെയുള്ള മത്സരങ്ങളിൽ തുടർച്ചയായി മോശം പ്രകടനം തുടരുന്നത് മുംബൈയെ തളർത്തുന്നു. അതുപോലെ തന്നെ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നീ താരങ്ങൾ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾ ആണ് മുംബൈക്ക് വേണ്ടി കാഴ്ചവെക്കുന്നത്. ബൗളിങ്ങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ബോൾട്ട്, ബുംറ എന്നിവർ മികച്ച ഫോമിലാണ്. എന്നിരുന്നാലും മധ്യ ഓവറുകളിൽ മുംബൈ ബൗളർമാർ റൺസ് വഴങ്ങുന്നത് മുംബൈയെ സമ്മർദ്ദത്തിലാക്കുന്നു.

പഞ്ചാബിന് ബാറ്റിങ്ങ് നിരയിൽ നായകൻ കെ. എൽ. രാഹുൽ, മയങ്ക്‌ അഗർവാൾ എന്നിവരടങ്ങുന്ന ഓപ്പണിംഗ് ആണ് ശക്തി. മധ്യനിരയിൽ ക്രിസ് ഗെയ്ൽ, നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം എന്നിവർ ഭേദപ്പെട്ട പ്രകടനം മാത്രം പുറത്തെടുക്കുന്നു. ഓൾറൗണ്ടർ പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന മാർക്രമിനെ ബാറ്റിങ്ങിനു മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ഫോമിലേക്ക് ഉയരാത്തതും പഞ്ചാബിന് ദോഷം ചെയ്യുന്നു. ബൗളിങ്ങ് നിരയിൽ ഷമി, അർശ്ദീപ്, ഹർപ്രീത് എന്നിവർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് പഞ്ചാബിന് ഗുണമേകുന്നുണ്ടെങ്കിലും അധിക റൺസ് വഴങ്ങുന്നു. കഴിഞ്ഞ കളിയിലെ അരങ്ങേറ്റക്കാരൻ നതാൻ എല്ലിസിന്റെ പ്രകടനവും മികച്ചു നിൽക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close