NEWSSPORTS

ഐ.പി.എൽ; ബൗളർമാർ തിളങ്ങി, ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ളേഓഫ് സാധ്യത നിലനിർത്തി. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ കൊൽക്കത്ത നാലാം സ്ഥാനത്ത് തുടർന്നു. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ഡൽഹി രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു. ഈ മത്സരത്തിൽ വിജയിച്ചു പോയിന്റ് പട്ടികയിൽ ചെന്നൈയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്താമെന്ന ഡൽഹിയുടെ മോഹങ്ങൾ തകർത്തു കളഞ്ഞത് കൊൽക്കത്തയുടെ ബൗളിങ്ങ് നിരയാണ്. ബൗളിങ്ങിൽ 4 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റ് നേടുകയും ബാറ്റിങ്ങിൽ 21 റൺസ് നേടി കൊൽക്കത്തയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച വിൻഡീസ് താരം സുനിൽ നരൈൻ ആണ് കളിയിലെ താരം.

സ്കോർ : ഡൽഹി 127-9(20)
കൊൽക്കത്ത 130-7(18.2)

ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിനയച്ച നായകൻ ഓയിൻ മോർഗന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു കൊൽക്കത്ത ബൗളർമാരുടേത്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ ഡൽഹിക്ക് സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയ ഓപ്പണർ പൃഥ്വി ഷായെ മാറ്റി പകരക്കാരനായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ധവാനൊപ്പം ഓപ്പണിങ്ങിനിറങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 35 റൺസ് കൂട്ടിച്ചേർത്തു. ശിഖർ ധവാനെ(24) പുറത്താക്കി ഫെർഗൂസൻ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. സ്കോർബോർഡിൽ അഞ്ചു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ മനോഹരമായ ഒരു പന്തിലൂടെ നരൈൻ ശ്രേയസ്സ് അയ്യറിനെ ബൗൾഡാക്കി. ഡൽഹിക്ക് വേണ്ടി സ്റ്റീവ് സ്മിത്ത്, നായകൻ ഋഷഭ് പന്ത് എന്നിവർ 39 റൺസ് വീതം നേടി. കൊൽക്കത്തക്ക് വേണ്ടി ഫെർഗൂസൻ, വെങ്കിടേഷ്, നരൈൻ എന്നിവർ രണ്ടും കൊൽക്കത്തക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.

128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് വേണ്ടി വെങ്കിടേഷ് അയ്യർ(14), ശുഭ്മാൻ ഗിൽ(30) എന്നിവർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ വെങ്കിടേഷിനെയും ത്രിപതി(9)യെയും കൊൽക്കത്തക്ക് നഷ്ടമായി. അടുത്തതായി ക്രീസിലെത്തിയ മോർഗൻ(0) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ കൊൽക്കത്ത 67ന് 4 എന്ന നിലയിലേക്ക് വീണു. തുടർന്ന്‌ ക്രീസിലെത്തിയ നിതീഷ് റാണ, സുനിൽ നരൈൻ എന്നിവർ കൊൽക്കത്തയുടെ വിജയം എളുപ്പത്തിലാക്കി. 27 പന്തിൽ രണ്ടു വീതം ഫോറും സിക്സുമടക്കം 36 റൺസ് നേടിയ റാണ പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആവേശ് മൂന്നും നോർജെ, അശ്വിൻ, ലളിത്, റബാഡ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close