INDIANEWSSPORTS

ഐ.പി.എൽ; ഹോൾഡറിൻ്റെ ‘വൺ മാൻ ഷോ’ പാഴായി; ഹൈദരാബാദിനെ 5 റൺസിനു തകർത്ത് പഞ്ചാബ്; നാണക്കേടിൻ്റെ റെക്കോർഡുമായി ഹൈദരാബാദ്

ഷാർജ : പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഹൈദരാബാദിന് രക്ഷയില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് അഞ്ച് റൺസിൻ്റെ തോൽവി ഹൈദരാബാദ് ഏറ്റുവാങ്ങി. ജയത്തോടെ പോയിൻ്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഈ മത്സരത്തിലും പരാജയപ്പെട്ട ഹൈദരാബാദ് മറ്റൊരു നാണക്കേടിൻ്റെ റെക്കോർഡും സ്വന്തമാക്കി. ആദ്യ 9 മൽസരങ്ങിൽ എട്ടിലും പരാജയപ്പെട്ട ഹൈദരാബാദ് ഈ മോശം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി മാറി. 2009ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ഇതിനുമുൻപ് ആദ്യ 9 മത്സരങ്ങളിൽ എട്ടിലും പരാജയപ്പെട്ട ടീം. ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ വിൻഡീസ് താരം ജേസൺ ഹോൾഡർ ആണ് കളിയിലെ താരം.

സ്കോർ : പഞ്ചാബ് 125-7
ഹൈദരാബാദ് 120-7

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്കോർ 27ൽ നിൽക്കുമ്പോൾ ഓപ്പണർമാരായ നായകൻ കെ. എൽ. രാഹുലും(21) മയങ്ക് അഗർവാളും(5) കൂടാരം കയറി. ഇരുവരെയും പുറത്താക്കിയത് ജേസൺ ഹോൾഡർ ആണ്. മൂന്നാമനായി ഇറങ്ങിയ വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ(14) നിരാശപ്പെടുത്തി. 32 പന്തിൽ 27 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഐഡൻ മാർക്രം ആണ് പഞ്ചാബ് നിരയിലെ ഉയർന്ന സ്കോറർ. ഐ.പി.എല്ലിൽ ജയിച്ച മത്സരത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ചെറിയ വ്യക്തിഗത സ്കോർ ആണ് മാർക്രം നേടിയ 27 റൺസ് എന്നുള്ളതും അതിശയിപ്പിക്കുന്നതാണ്. ഈ സ്കോർ ഇതിനുമുൻപ് രണ്ട് താരങ്ങൾ നേടിയിട്ടുണ്ട്. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെ ഡെക്കാൻ ചാർജേഴ്സ് 10 റൺസിന് വിജയിച്ച മത്സരത്തിൽ ശിഖർ ധവാൻ(27*), കുമാർ സംഗക്കാര(27) എന്നിവരാണ് ഈ നേട്ടം ഇതിനുമുമ്പ് കൈവരിച്ചവർ. ഹൈദരാബാദിനു വേണ്ടി ഹോൾഡർ മൂന്നും സന്ദീപ്, ഭുവനേശ്വർ, റഷീദ് ഖാൻ, സമദ് എന്നിവർ ഓരോ വിക്കറ്റും നേടി.

126 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ഹൈദരാബാദിനെ മുഹമ്മദ് ഷമി തകർത്തു കളഞ്ഞു. സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ വമ്പന്മാരായ വാർണറെയും(2) വില്യംസണെയും(1) പുറത്താക്കി ഷമി പഞ്ചാബിന് മേൽകൈ നൽകി. തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ(13), കേദാർ ജാദവ്(12) എന്നിവർ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്താക്കി രവി ബിഷ്ണോയി ഹൈദരാബാദിനെ വിറപ്പിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഓപ്പണറായി ഇറങ്ങിയ സാഹ(31) മെല്ലെ കളിച്ചു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഹോൾഡർ സ്കോർ ബോർഡ് പതുക്കെ ചലിപ്പിച്ചു തുടങ്ങി. ഇതിനിടക്ക് സാഹ റൺഔട്ട് ആയത് ഹൈദരാബാദിനു തിരിച്ചടിയായി. അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിന് 11 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 29 പന്തിൽ അഞ്ചു സിക്സറുകളടക്കം 47 റൺസ് നേടിയ ഹോൾഡർ പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി ബിഷ്ണോയി മൂന്നും ഷമി രണ്ടും അർശ്ദീപ് ഒന്നും വിക്കറ്റ് സ്വന്തമാക്കി. തിങ്കളാഴ്ച രാജസ്ഥാന് എതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസിന് എതിരെയാണ് പഞ്ചാബിൻ്റെ അടുത്ത മത്സരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close