NEWSSPORTS

ഐപിഎൽ; അവിശ്വസനീയം കൊൽക്കത്ത; എലിമിനേറ്ററിൽ ബാംഗ്ലൂരിനെ 4 വിക്കറ്റിന് കീഴടക്കി; രണ്ടാം ക്വാളിഫയറിൽ ഡൽഹിയെ നേരിടും

ഷാർജ : അവിശ്വസനീയം എന്നല്ലാതെ കൊൽക്കത്തയെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ഐപിഎൽ ആദ്യ ഘട്ടത്തിൽ ഏഴാം സ്ഥാനത്ത് ആയിരുന്ന ടീം രണ്ടാം ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഐപിഎൽ ക്വാളിഫയറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നാല് വിക്കറ്റിന് കീഴടക്കി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ വിൻഡീസ് താരം സുനിൽ നരൈൻ ആണ് കളിയിലെ താരം.

സ്കോർ ബാംഗ്ലൂർ : 138-7(20)
കൊൽക്കത്ത 139-6(19.4)

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി. ഓപ്പണർമാരായ പടിക്കലും(21) കോഹ്ലിയും(39) ചേർന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. 5.1 ഓവറിൽ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ക്രീസിലെത്തിയ ഭരത്(9), മാക്സ്‌വെൽ(15), ഡിവില്ലിയേഴ്സ്(11) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറി. 4 ഓവറിൽ 21 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത സുനിൽ നരൈൻ ആണ് ബാംഗ്ലൂരിനെ തകർത്തത്. കോഹ്ലി, മാക്സ്‌വെൽ, ഭരത്, ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് നരൈൻ നേടിയത്. നരൈന് പുറമെ കൊൽക്കത്തക്ക് വേണ്ടി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് നേടി.

139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 2 പന്തുകൾ ബാക്കിനിർത്തി ലക്ഷ്യത്തിലെത്തി. കൊൽക്കത്തക്ക് വേണ്ടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും(29) വെങ്കിടേഷ് അയ്യരും(26) മികച്ച തുടക്കം നൽകി. മൂന്നാമനായി ഇറങ്ങിയ ത്രിപതി(6) പെട്ടെന്ന് തന്നെ മടങ്ങി. നിതീഷ് റാണ(23), കാർത്തിക്(10) എന്നിവർ മെല്ലെ സ്കോർ ഉയർത്തിയപ്പോൾ നരൈൻ 15 പന്തിൽ 3 സിക്സറുൾപ്പടെ 26 റൺസ് നേടി. ബാംഗ്ലൂരിന് വേണ്ടി സിറാജ്, ഹർഷൽ, ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ബുധനാഴ്ച ഡൽഹിയെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നേരിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close