ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് കീഴടക്കി കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി കൊൽക്കത്ത നാലാം സ്ഥാനത്ത് തന്നെ തുടർന്നു. ഹൈദരാബാദ് 12 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിൽ രാജസ്ഥാൻ മുംബൈ ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രവേശനം. കൊൽക്കത്തക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ ആണ് കളിയിലെ താരം.
സ്കോർ : ഹൈദരാബാദ് 115-8(20)
കൊൽക്കത്ത 119-4(19.4)
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹ(0)യെ നഷ്ടമായി. ടീം സൗത്തി സാഹയെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. നാലാം ഓവറിൽ ജേസൺ റോയി(10)യെ ശിവം മവി പുറത്താക്കിയതോടെയാണ് ഹൈദരാബാദിന്റെ തകർച്ച തുടങ്ങിയത്. 26 റൺസെടുത്ത നായകൻ കെയ്ൻ വില്യംസൺ ആണ് ഹൈദരാബാദ് ടീമിലെ ഉയർന്ന സ്കോറർ. അബ്ദുൾ സമദ്(25), പ്രിയം ഗാർഗ്(21) എന്നിവർ മാത്രമാണ് പിന്നെയും ഒരു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തയ്ക്ക് വേണ്ടി സൗത്തി, മവി, ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റും ഷാക്കിബ് ഒരു വിക്കറ്റും വീഴ്ത്തി.
116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കിനിർത്തി ലക്ഷ്യത്തിലെത്തി. കൊൽക്കത്തക്ക് വേണ്ടി ശുഭ്മാൻ ഗിൽ 51 പന്തിൽ 10 ഫോറുൾപ്പടെ 57 റൺസ് നേടി. വെങ്കിടേഷ് അയ്യർ(8), ത്രിപതി(7) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും നിതീഷ് റാണ (25), ദിനേശ് കാർത്തിക്(18*) എന്നിവർ കൊൽക്കത്തയെ വിജയത്തിലെത്തിച്ചു. ഹൈദരാബാദിന് വേണ്ടി ഹോൾഡർ രണ്ടും റഷീദ്, കൗൾ എന്നിവർ ഓരോ വിക്കറ്റും നേടി.