KERALANEWSTop News

‘വിചാരണ പോലും നേരിടാതെ ജയിലിൽ കിടന്നത് മൂന്നര വർഷം’; ‘സ്വൈര്യ ജീവിതം വഴിമുട്ടി’; ചാരക്കേസിൽ 2 കോടി രൂപ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീം കോടതിയിലേക്ക്. ഇരുവരും സിബിഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. ചാരക്കേസിൽ രണ്ടുകോടി രൂപ നഷ്ട പരിഹാരമാണ് ഇവർ ആവശ്യപ്പെട്ടത്. പതിനെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കണമെന്നും ഇവർ പറഞ്ഞു. കേസിനെ തുടർന്ന് മൂന്നര വർഷമാണ് വിചാരണ പോലും നേരിടാതെ ജയിലിൽ കിടന്നത്. സ്വൈര്യ ജീവിതം വഴിമുട്ടിയെന്നും മറിയവും ഫൗസിയയും ഹർജിയിൽ പറയുന്നു.

അതേസമയം, ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ്, ആർ ബി ശ്രീകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും ആവിശ്യപെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ഐഎസ്ആർഒ ചാരക്കേസിൽ ​ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി സിബിഐക്ക് നിർദ്ദേശം നൽകിയതോടെയാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിൽ കത്തിനിന്ന ചാരക്കേസ് വീണ്ടും വാർത്തകളിൽ നിറയുന്നത്. ദി ഹിന്ദുവിന് മറിയം റഷീദ ഒരു അഭിമുഖം നൽകിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഇം​ഗിതത്തിന് വഴങ്ങാതിരുന്നതോടെയാണ് താനും ഫൗസിയ ഹസനും ചാരവനിതകളായി മാറിയതെന്ന് മറിയം റഷീദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫൗസിയയെ മുറിക്ക് പുറത്താക്കിയ ശേഷം പൊലീസുകാരൻ തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. അത് താൻ എതിർക്കുകയും അയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. തന്റെ മകളുടെ വിദ്യാഭ്യാസത്തിനായാണ് താൻ കേരളത്തിൽ എത്തിയതെന്നും മറിയം റഷീദ പറയുന്നു. പൊലീസുകാരന്റെ വികാരശമനത്തിന് നിന്ന് കൊടുക്കാത്തതിന്റെ പേരിൽ താൻ ചാരവനിതയെന്ന് പൊലീസ് കഥ ചമയ്ക്കുകയായിരുന്നു എന്ന് മറിയം റഷീദ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ ഐഎസ്ഐക്ക് വേണ്ടി ചാരപ്പണി ചെയ്യാൻ മാലി സർക്കാർ കേരളത്തിലേക്ക് അയക്കുകയായിരുന്നു എന്ന് പൊലീസ് രേഖയുണ്ടാക്കി അതിൽ ഒപ്പ് വെപ്പിച്ചു. പൊലീസിൽ നിന്നും അതിനായി നേരിടേണ്ടി വന്നത് കൊടിയ പീഢനമാണ്. മാധ്യമങ്ങൾ പൊലീസ് എഴുതി നൽകിയത് അതുപോലെ വാർത്തയാക്കി ഞങ്ങളുടെ കണ്ണുനീരോ സത്യമോ കാണാൻ ആർക്കും താത്പര്യമില്ലായിരുന്നു- മറിയം റഷീദ പറയുന്നു.

“മുപ്പതു കൊല്ലത്തെ സഹനം, തുലഞ്ഞു പോയ എന്റെ ആത്മാഭിമാനം, എന്റെ കുടുംബത്തിന്റെ തകർന്നു പോയ അന്തസ്സ്, എന്റെ നാടിന്റെ കുനിഞ്ഞു പോയ ശിരസ്സ്…ഏത് നീതിയെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? നിങ്ങളുടെ കോടതികൾ നൽകാൻ ഇടയുള്ള നഷ്ട പരിഹാരത്തുക കൊണ്ട് വീണ്ടെടുത്തു തരാൻ കഴിയുമോ എനിക്ക് നഷ്ടപ്പെട്ടതൊക്കെ”- മറിയം റഷീദ രോഷത്തോടെ ചോദിക്കുന്നു.

ഫൗസിയ ഹസനും നഷ്ടമായത് അന്തസ്സും ജീവിതവും

ചാരക്കേസിൽ ക്രൂരമായ പൊലീസ് പീഡനത്തിനാണ് ഫൗസിയ ഹസനും ഇരയായത്. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് നീലക്കഥകൾ മെനഞ്ഞ് ചാരക്കഥകളെ പൊലിപ്പിച്ചു. അപ്പോഴും പൊതുസമൂഹത്തിന് മുന്നിൽ അപമാനിയായത് ഫൗസിയ ഹസനും ഒപ്പം മറിയം റഷീദയുമായിരുന്നു. പൊലീസ് മർദ്ദനത്തെ തുടർന്ന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്.

നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഇന്ത്യയിലെ അഭിഭാഷകനെ ഏർപ്പാടാക്കിയിരുന്നു എന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് നടപടികൾ വൈകുകയായിരുന്നു.

പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചതെന്ന് ഫൗസിയ വെളിപ്പെടുത്തുന്നു. അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്പി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്‍കിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നെ ക്രൂരമായി അടിച്ചു. ദിവസങ്ങളോളം അവര്‍ രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ കസ്റ്റഡിയിലേക്ക് കൊണ്ടുവരുമെന്നും എന്റെ മുന്‍പില്‍ വെച്ച് അവളെ ലൈംഗികമായി പീഡിപ്പിക്കുമെന്നും പറഞ്ഞു. അങ്ങനെ എനിക്ക് വ്യാജമൊഴി നല്‍കേണ്ടി വന്നു. ക്യാമറയ്ക്ക് മുന്‍പില്‍ വെച്ചായിരുന്നു മൊഴിയെടുത്തതെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി. നഷ്ടപരിഹാരം നല്‍കിയാല്‍ ഞാന്‍ സ്വീകരിക്കുമെന്നും ചികിത്സകള്‍ക്കായി തനിക്ക് ഇപ്പോള്‍ ഒരുപാട് പണം ചെലവാകുന്നുണ്ടെന്നും ഫൗസിയ പറഞ്ഞിരുന്നു.

ചാരക്കേസ് ഇങ്ങനെ..

1992 ൽ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറിൽ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാൻസും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാർ ഉറപ്പികാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാൻസ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാർ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാൻസിനും ആ കച്ചവടം നഷ്ടമായി.

അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌ സീനിയർ, റഷ്യൻ പ്രസിഡണ്ട്‌ യെൽസിന് എഴുതിയ ഭീഷണിക്കത്തിൽ, ഈ കരാർ റദാക്കണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയന്ന റഷ്യൻ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.

നമ്പി നാരായണൻ എന്ന ഐ എസ് ആർ ഒ യിലെ ഏറ്റവും സമർഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1992 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയർത്താൻ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങൾ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.

ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായണനെ 1994 ൽ, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാലിക്കാരായ രണ്ടു ചാര വനിതകൾക്ക് വിറ്റു എന്ന കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങൾക്ക് താൽക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കിൽ, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവർ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു.

കരുണാകരന് അധികാരം നഷ്ടപ്പെടുകയും പിന്നീട് രാജ്യത്തെ പരമോന്നത നീതിപീഠം നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തെങ്കിലും നമ്പി നാരായണൻ ഇന്നും നീതിക്കായി പോരാടുകയാണ്. തനിക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, ​ഗൂഢാലോചനയിൽ പങ്കാളികളായവരെ വെളിച്ചത്ത് കൊണ്ട് വരികയാണ് എന്ന് ആ പ്രതിഭ പറയുന്നതും അതുകൊണ്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close