INDIANEWSTop News

ജമ്മു കാശ്മീരിലെ ഫിരിപോറയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു; സൈന്യം ഇന്ന് വധിച്ച ഭീകരരുടെ എണ്ണം നാലായി

കാശ്മീർ: ജമ്മു കാശ്മീരിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഫിരിപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. മുപ്പത് മണിക്കൂറിനിടെ അഞ്ചാം തവണയാണ് കാശ്മീരിൽ ഏറ്റുമുണ്ടാലായത്.

ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകരർക്ക് നേരെ സൈന്യം ശക്തമായ തിരിച്ചടി നൽകി. ഷോപിയാനിൽ മൂന്ന് ഭീകരരെയാണ് രാത്രി സൈന്യം വധിച്ചത്. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഭീകരരിൽ നിന്ന് ആയുധ ശേഖരവും പിടിച്ചെടുത്തു. 48 മണിക്കൂറിനിടെ അഞ്ച് കൊടുംഭീകരരെയാണ് സൈന്യം വധിച്ചത്.

ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ തുൽറാൻ ഇമാംസാഹിബ് ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി ഇന്നലെ വൈകിട്ട് റിപ്പോർട്ടുകൾ വന്നിരുന്നു. മൂന്ന് തീവ്രവാദികളെങ്കിലും പ്രദേശത്ത് കുടുങ്ങിയിരിക്കുന്നതായി സൈന്യം കരുതുന്നതായും വാർത്തകൾ പുറത്ത് വന്നു. സൈന്യത്തിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെയും (സിആർപിഎഫ്), ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സംഘം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച വിശ്വസനീയമായ വിവരങ്ങളെത്തുടർന്ന് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

ഷോപ്പിയാനിൽ ഇന്നലെ വൈകുന്നേരം രണ്ട് ഓപ്പറേഷനുകൾ ആരംഭിച്ചതായും തുൾറാൻ ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചുവെന്നും 3-4 ഭീകരർ കുടുങ്ങി കിടക്കുകയാണെന്നും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ഇന്നലെ പറഞ്ഞു. കൂടാതെ ഖേരിപോറ ഷോപിയാനിൽ മറ്റൊരു പ്രവർത്തനവും ആരംഭിച്ചിരുന്നു.

അതേസമയം ഇന്നലെ കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ജൂനിയര്‍ കമ്മീഷന്‍ ഓഫീസർ ഉൾപ്പെടെയുള്ള സൈനികരാണ് വീരമൃത്യു വരിച്ചത്. രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഈ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ചു സൈനികരിൽ ഒരാൾ മലയാളി ആയിരുന്നു. 24 വയസുകാരൻ കൊല്ലം സ്വദേശി വൈശാഖ് എച്ച് ആണ് രാജത്തിന് വേണ്ടി ജീവനർപ്പിച്ചത്. നാലു വർഷങ്ങൾക്ക് മുമ്പായിരുന്നു വൈശാഖ് സൈന്യത്തിൽ ചേർന്നത്. അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ ഓണത്തിനുമായിരുന്നു.

പിതാവ് ഹരികുമാർ അമ്മ മീന സഹോദരി ശില്പ എന്നിവരടങ്ങുന്ന കൊച്ചു കുടുംബത്തിലെ ഏക ആശ്രയം വൈശാഖ് തന്നെ ആയിരുന്നെന്നു. 2017ലായിരുന്നു വൈശാഖ് സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുന്നത്.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ അന്വേക്ഷണം തുടങ്ങിയത്. എന്നാൽ തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close