INDIANEWSTrending

പഴയ ചെരുപ്പ് കമ്പനി എക്സിക്യൂട്ടീവിന്റെ കഥ പ്രാവർത്തികമാക്കി അംബാനി; കടക്കെണിയിലായ ബിഎസ്എൻഎൽ ചത്തതോ അതോ കൊന്നതോ?

മാർക്കറ്റിംഗ് കമ്പനികൾ പുതുതായി എത്തുന്നവർക്ക് ഒരു കഥ പറഞ്ഞുകൊടുക്കും. ചെരുപ്പിടാത്തവരുടെ ദ്വീപിലേക്ക് രണ്ട് എക്സിക്യൂട്ടീവുകളെ അയച്ച ചെരുപ്പ് കമ്പനിയുടെ കഥ. ഒരാൾ കമ്പനിക്ക് കത്തെഴുതി. ഇവിടെ നമുക്ക് മാർക്കറ്റില്ല. ഞാൻ തിരിച്ചു വരുന്നു. മറ്റേയാൾ മറ്റൊരു കത്തെഴുതി. ഇവിടെ നമുക്ക് ഗംഭീര മാർക്കറ്റാണ്. ഉടൻ ഒരു കപ്പൽ നിറയെ ചെരുപ്പുകൾ അയക്കുക. ചെരുപ്പെത്തി. സൗജന്യമായി ജനങ്ങൾക്ക് കമ്പനി ചെരുപ്പ് നൽകി. ജനങ്ങൾ തങ്ങളുടെ നടന്നു തഴമ്പിച്ച കാലുകളിൽ സൗജന്യമായി ലഭിച്ചത് കൊണ്ട് മാത്രം ചെരുപ്പുകളിട്ടു. അങ്ങനെ ചെരുപ്പുകൾ ആ ദ്വീപുവാസികളുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറി. കാലുകൾ മാർദ്ദവമായതോടെ കമ്പനി ചെരുപ്പുകൾക്ക് ചെറിയ വില നിശ്ചയിച്ചു. അങ്ങനെ ജനങ്ങൾ ചെരുപ്പ് വിലകൊടുത്ത് വാങ്ങാൻ തുടങ്ങി. കാലം മാറുന്നതനുസരിച്ച് ആഢംബര ചെരുപ്പുകളും വലിയ വില കൊടുത്ത് അവർ വാങ്ങി. ആ കമ്പനിയുടെ നമ്പർ‌ വൺ മാർക്കറ്റായി ആ ദ്വീപ് മാറി. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾക്ക് മോട്ടിവേഷന് വേണ്ടി പറയുന്ന കഥയാണെങ്കിലും അതിന്റെ പുത്തൻ രൂപം നമ്മുടെ നാട്ടിലെ മൊബൈൽ കമ്പനികൾ നടപ്പാക്കി കഴിഞ്ഞു. തിരിച്ചറിയൽ കാർഡ് കൊടുത്താൽ സൗജന്യമായി ലഭിക്കുന്ന സിം കാർഡ് ചാർജ്ജ് ചെയ്യാൻ ഇപ്പോൾ ഒരു കുടുംബത്തിന്റെ ബജറ്റിന്റെ നാലിലൊന്നോളം തുക വേണ്ട സാഹചര്യമാണ് നിലവിൽ.

എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും രംഗത്തെത്തി. ഇന്ന് മുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വോഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.

ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി.
249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം. ജിയോ ഫോൺ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും വാലിഡിറ്റിയിൽ ജിയോ മാറ്റം വരുത്തിയിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ എയർടെലാണ് നവംബർ 22 ന് ആദ്യമായി നിരക്കുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ വോഡഫോൺ ഐഡിയയും തൊട്ടടുന്ന ദിവസങ്ങളിലായി ജിയോയും പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചു. എന്നാൽ, മൂന്നു കമ്പനികളും പരസ്പരം സഹകരിച്ചാണ് നിരക്കുകൾ കൂട്ടിയതെന്നും കണക്കുകൾ നോക്കുമ്പോൾ മനസ്സിലാകും.

മൂന്നു കമ്പനികളുടെയും വർധന ശരാശരി 20 ശതമാനം ആണ്. അതേസമയം എൻട്രി ലെവൽ പ്ലാനുകൾക്ക് ഇപ്പോൾ ഏകദേശം 25 ശതമാനം കൂടുതൽ ചെലവ് വരുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയക്കും നെറ്റ്‌വർക്കുകൾ വ്യാപിക്കാനും ടെക്നോളജി വികസിപ്പിക്കാനും ശ്രമിക്കുന്ന എയർടെലിനും ജിയോയ്ക്കും നിരക്കുകൾ കുത്തനെ വർധിപ്പിച്ചത് വലിയ സഹായമാകും. എന്നാൽ, ഈ നീക്കം അനിവാര്യമാണെങ്കിലും ഉപഭോക്താക്കളുടെ മേലുള്ള ഭാരം വർധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ജിയോയും എയർടെല്ലും വിഐയും തങ്ങളുടെ സേവന നിരക്ക് വർധിപ്പിക്കുമ്പോൾ സാധാരണക്കാരന് ആശ്രയമാകേണ്ടിയിരുന്ന പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിൻറെ നില അത്യന്തം പരിതാപകരമാണ്. രാജ്യം 5ജിയിലേക്ക് കുതിക്കുമ്പോഴും 4ജി സേവനം പോലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിൽ ബിഎസ്എൻഎൽ കാഴ്ചക്കാരാവുകയാണ്. ആധുനിക സംവിധാനങ്ങളുടെ അഭാവം മൂലം നിലവിലുള്ള സേവനം മികച്ചതാക്കാനോ ഉപഭോക്താക്കളെ ത്രിപ്തിപെടുത്താനോ ബിഎസ്എൻഎല്ലിനും കഴിയുന്നില്ല. മറ്റ് കമ്പനികൾക്കൊപ്പം തന്നെ താരിഫ് കൂട്ടാൻ ബിഎസ്എൻഎല്ലിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റി നിർബന്ധിക്കുന്നുണ്ട്.

ഒരു കാലത്ത് പുതിയ മൊബൈൽ കണക്ഷനെടുക്കാൻ മണിക്കൂറുകളോളം ബിഎസ്എൻഎല്ലിന് മുന്നിൽ ഉപഭോക്താക്കൾ കാത്തു നിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ആർക്കും വേണ്ടാത്ത സേവനദാതാക്കളായി ബിഎസ്എൻഎൽ മാറി. 2006ൽ 10000 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന ബിഎസ്എൻഎല്ലിനെ തകർത്തത് അതാത് കാലത്തെ സർക്കാരുകൾ തന്നെയാണ്. 4ജി സ്പെക്ട്രം അനുവദിക്കാതെ മത്സര രംഗത്ത് തളർത്തി, ഇന്ത്യൻ റെയിൽവേയുടെ ടെലികോം സേവനദാതാവെന്ന ചുമതലയിൽ നിന്ന് ഒഴിവാക്കി, സാമ്പത്തികമായി ലാഭകരമല്ലാത്ത മേഖലയിലെ സർവ്വീസ് ഉണ്ടാക്കുന്ന നഷ്ടപരിഹാരത്തുക നൽകിയില്ല, 3ജി സ്പെക്ട്രത്തിന് 18500 കോടി രൂപ ഈടാക്കിയും ബിഎസ്എൻഎല്ലിനെ തകർക്കുകയായിരുന്നു സർക്കാരുകൾ.

ഇപ്പോൾ 20000 കോടി രൂപയാണ് ബിഎസ്എൻഎല്ലിൻറെ കടം. ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കണമെങ്കിൽ ഇനിയും പതിനായിരം കോടി രൂപ കൂടി ആവശ്യം വരും. ചുരുക്കി പറഞ്ഞാൽ 50000 കോടിക്കു മുകളിൽ തുകയുണ്ടെങ്കിലേ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കി ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിപ്പിക്കാൻ കഴിയൂ. മറ്റെല്ലാ സേവനദാതാക്കളും 5ജി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ 4ജി സേവനം പോലും നൽകാനാവാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ.

രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ബിഎസ്എൻഎല്ലിന് 66000 ടവറുകളുണ്ട്. 1.68 ലക്ഷം സ്ഥിരം ജീവനക്കാരും ഒരു ലക്ഷത്തോളം കരാർ ജീവനക്കാരുമുണ്ട്. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പോലും 4ജി സേവനം എത്തിയിട്ടില്ല. കേരളത്തിൽ വയനാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളുടെ ചിലഭാഗങ്ങളിൽ 4ജി സേവനം ലഭ്യമാക്കുന്നുണ്ട്. നിലവിലുള്ള 2ജി ടവറുകൾ അപ്ഗ്രേഡ് ചെയ്താണ് ഈ സൗകര്യം നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close